വികസനം നടപ്പാക്കുമ്പോൾ മഴയും പുഴയും വിസ്മരിക്കരുത് – ഹാമിദലി വാഴക്കാട്

0

കണ്ണൂർ: വികസന പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ മഴ ഇനിയും പെയ്യുമെന്നും പുഴ ഇനിയുമൊഴുകുമെന്നും ചിന്തിക്കണമെന്ന പാഠമാണ് പ്രളയം നമ്മെ പഠിപ്പിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകൻ ഹാമിദലി വാഴക്കാട്.സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പരിസ്ഥിതി സാക്ഷരതാ കാമ്പയിന്റെ ഭാഗമായി കണ്ണൂർ വളപട്ടണം പുഴയിൽ സംഘടിപ്പിച്ച പുഴപഠന സഹവാസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തര കേരളത്തിന്റെ വീണ്ടെടുപ്പിനും നിലനിൽപ്പിനും പരിസ്ഥിതി സാക്ഷരത അനിവാര്യമാണ്. പുഴ കൈയേറി നട്ടുപിടിപ്പിച്ച മരങ്ങൾ മുഴുവൻ വെള്ളപ്പൊക്കത്തിൽ നശിച്ചപ്പോൾ, കണ്ടൽ ഉൾപ്പെടെ പുഴയോരത്തെ പ്രകൃതിദത്ത സസ്യങ്ങൾക്ക് പോറൽ പോലുമേറ്റിട്ടില്ല. പരിസ്ഥിതി കൈയേറ്റത്തെ പ്രകൃതി സ്വയം ചെറുക്കുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.വളപട്ടണം – കുപ്പം പുഴകളിൽ ആറ് മണിക്കൂർ ബോട്ടിൽ സഞ്ചരിച്ചും തീരത്ത് സംഗമിച്ചുമാണ് സഹവാസം സംഘടിപ്പിച്ചത്. പുഴയുടെ ഉത്ഭവം , കൈവഴികൾ, ചരിത്രം, ജൈവ വൈവിധ്യങ്ങൾ , മത്സ്യ സമ്പത്ത്, അണക്കെട്ട്, കൈയ്യേറ്റം , സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച് പരിസ്ഥിതി പ്രവർത്തകരായ റാഫി ചർച്ചമ്പലപ്പള്ളി, ശാഫി പാപ്പിനിശേരി എന്നിവർ ക്ലാസ്സെടുത്തു. വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ദേവി ടീച്ചർ ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് പി.ബി.എം ഫർമീസ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു.എസ്.ഐ.ഒ ജില്ല പ്രസിഡന്റ് ഫാസിൽ അബ്ദു,സോളിഡാരിറ്റി സെക്രട്ടറി ഫൈസൽ എം.ബി,സെക്രട്ടറി ടി.പി. ഇല്യാസ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading