പരിസ്ഥിതി പഠന സംവാദ യാത്ര:ആലപ്പടമ്പ് വയലിൽ ജൂൺ 2 ന്

0

(കമാൽ റഫീഖ് )

കണ്ണൂർ : കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ജൂൺ രണ്ടിന് ആലപ്പടമ്പ് തെയ്യോട്ട്കാവ് മുതൽ വയലിലൂടെ
കാങ്കോൽ കരിങ്കുഴി വരെ പരിസ്ഥിതി പഠന സംവാദ യാത്ര നടത്തുന്നു.
ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴും ഇടനാടൻ ചെങ്കൽ കുന്നുകൾ ,,കാവുകൾ , നീർച്ചാലുകൾ ,വയലുകൾ തുടങ്ങിയ ആവാസങ്ങളും മണ്ണ്, വെള്ളം തുടങ്ങിയ അടിസ്ഥാന പ്രകൃതിവിഭവങ്ങളും വീണ്ടുവിചാരമില്ലാതെയും അശാസ്ത്രീയമായും ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതുവരെ വറ്റിയിട്ടില്ലാത്ത തെയ്യോട്ട് കാവിലെ ജല സ്രോതസ്സ് ഈ വേനലിൽ വറ്റി വരണ്ടു. വയൽ നികത്തി പറമ്പാക്കി മാറ്റുന്ന പ്രവർത്തനവും വ്യാപകമാണ്. വേനലിൽ ചൂടും വരൾച്ചയും കൂടുന്നതും മഴക്കാലത്തെ അമിത വെള്ളപ്പൊക്കവും നാടിന്റെ കാർഷിക സാമ്പത്തിക വ്യവസ്ഥ തകിടം മറിക്കും.കുന്നും കാവും വയലും നീർച്ചാലുകളും നശിക്കുന്നത് പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും ഭാവിയിലെ ജനജീവിതത്തിൽ ഉണ്ടാക്കാവുന്ന സ്വാധീനങ്ങളെക്കുറിച്ചും നേരിട്ട് പഠിക്കുന്നതിനും കർഷകരും നാട്ടുകാരുമായി സംവദിക്കുന്നതിനുമാണ് പഠന – സംവാദയാത്ര ഉദ്ദേശിക്കുന്നത്.
പ്രമുഖ പരിസ്ഥിതി പ്രവർത്തകരും ജൈവ വൈവിധ്യ ഗവേഷകരും യാത്രയിൽ പങ്കെടുക്കും . പരിപാടിയുടെ സുഗമമായ നടത്തിന് വേണ്ടിയുള്ള സ്വാഗത സംഘം രൂപീകരണയോഗം ആലപ്പടമ്പ് മഞ്ചപ്പറമ്പ് വയലിൽ 25/5/24 ശനിയാഴ്ച വൈകു.. 4 മണിക്ക് നടക്കും. കണ്ണൂർ ജില്ലാ പരിസ്ഥിതി ഏകോപന സമിതി യോഗത്തിൽ ടി.പി. പദ്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ.ഡി.സുരേന്ദ്രനാഥ്,കെ.ഇ. കരുണാകരൻ, വി സി.ബാലകൃഷ്ണൻ , പി.പി.രാജൻ . സുസ്മിത ടീച്ചർ, സി ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading