ഏഴിമല നാവിക അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മാലിന്യ പ്രശ്നത്തിന്മേലെ സർവ്വകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനമായി

0

ഏഴിമല നാവിക അക്കാദമിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മാലിന്യ പ്രശ്നത്തിന്മേലെ സർവ്വകക്ഷി രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനമായി. ആദ്യപടിയെന്ന നിലയിൽ മുഖ്യമന്ത്രിയെയും, ബന്ധപ്പെട്ട മലിനീകരണ നിയന്ത്രണ ബോർഡ് വകുപ്പ് തലവനെയും സർവ്വകക്ഷി പ്രതിനിധി സംഘം കണ്ട് കാര്യങ്ങൾ ധരിപ്പിച്ചു. തുടർ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായില്ലെങ്കിൽ നേവലക്കാദമിക്കെതിരെ ശക്തമായ സമരപരിപാടികൾ നടത്തും.
നാവിക അക്കാദമിയിലെ മാലിന്യങ്ങൾ പുഴവെളളത്തിൽ തള്ളിയതിന്റെ ഭാഗമായിട്ടാണ് മാരകമായ രാസവസ്തുക്കൾ അപകടകരമായ രീതിയിൽ വെള്ളത്തിൽ കലർന്നിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേവലക്കാദമിയിലെ അശാസ്ത്രീയമായ മാലിന്യ പ്ലാൻറിന് അനുമതി കൊടുത്തുകൊണ്ടാണ് രാമന്തളി പഞ്ചായത്തിലെ ജനങ്ങൾ മാലിന്യ പ്രശ്നം രൂക്ഷമായ് അനുഭവിക്കുന്ന നിലയിലേക്കെത്തിയതെന്നും സർവ്വകക്ഷി യോഗത്തിൽ വിമർശ്ശനമുയർന്നു. പുഴ വെള്ളം മലിനമായ റിപ്പോർട്ട് വന്നിട്ടും മലിനീകരണ നിയന്ത്രണ ബോർഡ് ഇടപെട്ടിട്ടില്ല.
നേരത്തെ രാമന്തളിയി ലെ കിണറുകളിൽ നേവലക്കാദമിയിലെ മാലിന്യ പ്ലാൻറിൽ നിന്നുള്ള മലിന ജലം സമീപ പ്രദേശങ്ങളിലെ കിണറുകളിൽ കയറിയതു മൂലം വെളളം ഉപയോഗിക്കാനാവാത്തതിനെ തുടർന്ന് ജനങ്ങൾ മാസങ്ങൾ നീണ്ട ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. ഇതിനെ തുടർന്ന് നേവലക്കാദമി ജന ആരോഗ്യ സംരക്ഷണ സമിതിയുമായ് നടത്തിയ ചർച്ചയും ,തുടർന്ന് പഞ്ചായത്ത് അധികാരികളുമായും നടത്തിയ ധാരണകളെയും തുടർന്ന് ഡീസെൻട്രലൈസേഷൻ നടത്തി മാലിന്യ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്ലാന്റുകൾക്ക് മാത്രമാണ് പ്രാരംഭം കുറിക്കാനായത്. വ്യവസ്ഥ ചെയ്ത പ്ലാൻറുകൾ ഡീസെൻട്രലൈസേഷന്റെ അടിസ്ഥാനത്തിൽ പ്രവർത്തികൾ പൂർത്തിയാക്കുകയാണെങ്കിൽ അക്കാദമിക്കകത്തെ മാലിന്യ പ്രശ്നം പരിഹരിക്കാനാകും. നേവലക്കാദമി ജനങ്ങളുടെ ജീവനും സ്വത്തിനോടും പ്രകൃതിയോടും നടത്തുന്ന നിരുത്തരവാദപരമായ സമീപനത്തിൽ എല്ലാ രാഷ്ടീയ പാർട്ടി പ്രതിനിധികളും ശക്തമായ അമർഷം രേഖപ്പെടുത്തി .
രാമന്തളി പഞ്ചായത്ത് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഒ.കെ.ശശി (സി.പി.ഐ(എം) ,കെ. പി. രാജേന്ദ്രൻ (കോൺഗ്രസ്സ്), വിനോദ് കുമാർ രാമന്തളി(സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ ), അബ്ദുൾ ലത്തീഫ് (മുസ്ലീം ലീഗ്) , കൊയക്കീൽ പത്മനാഭൻ(സി.എം.പി) , പരത്തി ഗോവിന്ദൻ(ബി.ജെ.പി), പി.പി .അശോകൻ(സി.പി.ഐ) എന്നിവർ പ്രസംഗിച്ചു. അനിൽ കുമാർ സ്വാഗതം പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading