വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 31 വരെ വിലക്ക്

0

കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 31 വരെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. 
വീടുകളില്‍ തന്നെ കഴിയേണ്ട കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ബീച്ചുകളിലും മറ്റും കൂട്ടമായെത്തുന്നത് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയാന്‍ നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്‌ട്രേറ്റുമാരും പോലിസും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ജില്ലയില്‍ 144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുചടങ്ങുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം സംഘാടകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. 
ജനങ്ങളുടെ കൂടി സഹകരണത്തോടെയാണ് ജില്ലയില്‍ കൊവിഡ് വ്യാപനം വലിയൊരളവു വരെ നിയന്ത്രിച്ചു നിര്‍ത്താനായത്. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന നിര്‍ണായക ഘട്ടത്തില്‍ ചെറിയ ജാഗ്രതക്കുറവ് പോലും വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുകയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 
അതിനിടെ, കൊവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയില്‍ ചാര്‍ജ് ചെയ്ത കേസുകളുടെ എണ്ണം 15820 ആയി. ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കാത്തതിന് മാത്രം പതിനായിരത്തിലേറെ കേസുകളാണ് ഇതിനകം ചാര്‍ജ് ചെയ്തത്. ഇവര്‍ക്കെതിരേ പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. വരുംദിനങ്ങളില്‍ പരിശോധന കര്‍ശനമായി തുടരാന്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading