ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി; നടപടി മദ്യം ലഭിക്കാത്തതിനാല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അധികരിക്കുന്ന സാഹചര്യത്തിൽ

മദ്യാസക്തിയുള്ളവര്‍ക്ക് മദ്യം ലഭ്യമാക്കാനുള്ള നടപടി എക്‌സൈസ് വകുപ്പ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .സർക്കാർ ബീവറേജ് ഔട്‍ലെറ്റുകൾ അടച്ചതോടെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മദ്യം ലഭിക്കാത്തതിൽ ചിലർ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നടപടി

മദ്യം ലഭിക്കാത്തതിനാല്‍ വിത്ഡ്രോവല്‍ സിന്‍ഡ്രോമും ആത്മഹത്യയുമടക്കം അപകടം വരുത്തിവെക്കുന്ന പ്രവണത ചിലര്‍ കാണിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മദ്യം നല്‍കാന്‍ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ ഇവര്‍ക്ക് മദ്യം ലഭ്യമാക്കുകയുള്ളൂവെന്നും ബാക്കിയാര്‍ക്കും ഈ സൗകര്യം ലഭിക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മദ്യാസക്തിയുള്ള ചിലര്‍ക്ക് മദ്യം അത്യാവശ്യമാണെന്ന് കണ്ടതുകൊണ്ടാണ് തീരുമാനമെടുത്തത്. ഡീ അഡിക്ഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മദ്യനിരോധനം നടപ്പാക്കിയ ചില സംസ്ഥാനങ്ങള്‍ ഇങ്ങനെ ചെയ്യുന്നുണ്ട്. ആ മാതൃക നമുക്കും നടപ്പാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ അല്ല മദ്യം നല്‍കുകയെന്നും കൂടുതല്‍കാര്യങ്ങള്‍ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസങ്ങളില്‍ മദ്യം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മദ്യാസക്തിയുള്ളവര്‍ക്ക് ആവശ്യമായ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: