അതിർത്തിത്തർക്കം പരിഹരിക്കാതെ ഇരു ഗവൺമെൻറുകളും; കേരളത്തിന്റെ അധീന ഭൂമിയിലുള്ള കുടുംബങ്ങൾക്ക് കർണാടകയുടെ കുടിയിറക്ക് ഭീഷണി

0

ഇരിട്ടി : കേരളാ – കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടം വനമേഖലയോട് ചേർന്ന് കിടക്കുന്ന കേരളത്തിന്റെ അധീന ഭൂമിയുമായി ബന്ധപ്പെട്ട് കിടക്കുന്ന വർഷങ്ങളായിതുടരുന്ന അതിർത്തി പ്രശ്‌നം പരിഹരിക്കാതെ ഇരു ഗവർമ്മെണ്ടുകളും. പ്രശ്നം പരിഹാരമില്ലാത്ത നീളുന്നതിനിടയിൽ ഇവിടെ താമസിക്കുന്ന കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ കർണ്ണാടകാ അധികൃതർ നിർദ്ദേശം നൽകി. മക്കൂട്ടത്തെ പുഴയോരത്ത് താമസിക്കുന്ന കുടുംബങ്ങളോടാണ് ഒരു ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്.
കേരളത്തിന്റെ അധീനതയിൽ പായം പഞ്ചായത്തിന്റെ പരിധിയിൽ 60 വർഷത്തോളമായി റേഷൻകാർഡ് അടക്കം എല്ലാ രേഖകളോടും കൂടി താമസിക്കുന്ന കുടുംബങ്ങളോടാണ് ഉടൻ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. തെക്കഞ്ചേരിയിൽ സിദ്ദിക്ക്, ഫാത്തിമ, ജമീല എന്നിവരുടെ കുടുംബങ്ങളോടാണ് ഉന്നത കർണ്ണാടകാ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. സജീറിന്റെ ഉടമസ്ഥതയിലുള്ള കച്ചവട സ്ഥാപനം പൂട്ടുവാനും ഇവർ ആവശ്യപ്പെട്ടു. ഇതോടെ എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥയിലാണ് ഇവിടെയുള്ള താമസക്കാർ.
കേരളത്തിലെ കണ്ണൂർ ജില്ലയും കർണാടകത്തിലെ കുടക് ജില്ലയുടെ ഭാഗമായ ബ്രഹ്മഗിരി മലനിരകളിലെ മാക്കൂട്ടം വനമേഖലയും അതിരിടുന്ന പ്രദേശമാണ് ഇത്. ബാരാപ്പോളിൽ കേരളം ജലവൈദ്യുത പദ്ധതി ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ ആണ് ഇവിടെ കർണ്ണാടകം ചില അവകാശ വാദങ്ങളുമായി രംഗത്ത് വരുന്നത്. ഏകദേശം 10 വർഷത്തിലേറെയായി ഇവിടെ തർക്കം തുടരുകയാണ്. ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി പുനർ നിർണ്ണയ സമയത്ത് ഇരു സംസ്ഥാനങ്ങളും ചേർന്ന് സ്ഥാപിച്ച ജണ്ടകൾ മാറ്റി കർണ്ണാടകം പുതിയ സർവേ കല്ലുകൾ സ്ഥാപിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ വീടുവെച്ച് എല്ലാ രേഖകളോടും കൂടി താമസിച്ചിരുന്ന കുടുംബങ്ങളോട് ഒഴിഞ്ഞുപോകാൻ അന്ന് കർണ്ണാടകാ വനം വകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിൻ്റെ അധീനതയിലുള്ള ഏക്കറുകണക്കിന് ഭൂമിയാണ് കർണ്ണാടകം അതിർത്തിയിലെ സർവ്വെക്കല്ല് മാറ്റി സ്ഥാപിച്ച് കൈക്കലാക്കിയത്. ഈ സമയത്ത് കേരളത്തിന്റെ ഭാഗത്ത് നിന്നും ചില പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും പ്രശ്നം ഗൗരവത്തിലെടുത്തില്ല. ജില്ലാ ഭരണകൂടങ്ങളും റവന്യൂ അധികൃതരും തമ്മിലും ചില നീക്കങ്ങൾ നടന്നതല്ലാതെ തർക്കം തീർക്കാൻ കേരളാ കർണ്ണാടകാ സർക്കാർ തലത്തിൽ യാതൊരുവിധ നടപടികളും ഉണ്ടായില്ല . ഇതിനിടയിലാണ് കൂട്ടുപുഴ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കം ഉടലെടുക്കുന്നതും കർണ്ണാടകം പാലം പണി പൂർണ്ണമായും നിർത്തിവെക്കാൻ ആവശ്യപ്പെടുന്നതും. മൂന്ന് വർഷത്തോളം നീണ്ട തർക്കത്തിനൊടുവിലാണ് കർണ്ണാടകം പാലം നിർമ്മാണത്തിന് അനുമതി നൽകുന്നത്. പാലം പണി അവസാന ഘട്ടത്തിൽ ഏതാണ്ട് പൂർണ്ണമായി നിൽക്കുമ്പോഴാണ് ഇപ്പോൾ വീണ്ടും കുടിയൊഴിപ്പിക്കൽ നിർദ്ദേശവുമായി കർണ്ണാടക സർക്കാർ മുന്നോട്ടു വന്നത്. ഒരു വര്ഷം മുൻപ് തങ്ങളുടെ ഉടമസ്ഥതയിൽ ഉള്ള സ്വന്തം ഭൂമിയിൽ നിന്നും മരം മുറിച്ചതിന് കർണ്ണാടകാ വനം വകുപ്പധികൃതർ വീട്ടുടമയെ അറസ്റ്റ് ചെയ്തു കൊണ്ടുപോയ സംഭവവും ഉണ്ടായിരുന്നു. ഇത്തരം സംഭവങ്ങൾ കേരളാ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള അലംഭാവത്തിന്റെ ഭാഗമാണെന്ന് തന്നെ പറയേണ്ടി വരും. തങ്ങളുടെ അധീന ഭൂമിയെണെന്ന എല്ലാ രേഖകളും കേരളത്തിന്റെ കയ്യിലുണ്ടായിട്ടും ഇത് സർക്കാർ തലത്തിൽ ബന്ധപ്പെട്ട് കർണ്ണാടകാ സർക്കാറിനെ ബോധ്യപ്പെടുത്താനുള്ള യാതൊരു നടപടിയും ഇത്ര കാലമായിട്ടും കേരളാ സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഘട്ടം ഘട്ടമായി കേരളത്തിന്റെ ഭൂമി കർണ്ണാടകം കൈക്കലാക്കുന്നു അവസ്ഥയാണ് ഇന്നുള്ളത്.

ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കർണാടക അധികൃതർ കേരളത്തിലെ താമസക്കാരോട് വീട് വിട്ടുപോകുവാൻ ആവശ്യപ്പെടുന്നതുവരെയുള്ള സംഭവങ്ങളിൽ എത്തി നിൽക്കുന്നത്. കേരളത്തിൽ ആണ് വീട് എങ്കിൽ അത് തെളിയിക്കുന്ന രേഖകൾ എത്തിക്കാനാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്തി തലത്തിൽ എത്രയും പെട്ടെന്ന് ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് മേഖലയിലെ ജനങ്ങൾ ആവശ്യപ്പെടുന്നത് . നാളെ കർണ്ണാടകാ വനം വകുപ്പധികൃതർ എത്തി വീടുകൾ
ഒഴിപ്പിച്ചാൽ ഇനി എങ്ങോട്ടു പോകും എന്ന ചോദ്യവും ബാക്കിയാണ്. കൂലിപ്പണിയെടുത്താണ് ഇവരെല്ലാം കുടുംബം പോറ്റുന്നത്. എല്ലാ വീടുകളിലും പായം പഞ്ചായത്തിന്റെ വീട്ടുനമ്പറും പതിച്ചിട്ടുണ്ട്. തർക്കം പരിഹരിക്കുന്നതിനൊപ്പം ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് ഇവരുടെ വീടിനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading