ഡിഐജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷം; എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെ 10 സിപിഐ നേതാക്കള്‍ കീഴടങ്ങി
ഡിഐജി ഓഫീസ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജാമ്യം നിഷേധിക്കപ്പെട്ട സിപിഐ നേതാക്കള്‍ കീഴടങ്ങി. എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവരടക്കം 10 പേരാണ് ഇന്നു രാവിലെ ക്രൈം ഡിറ്റാച്ച്മെന്റ് ഓഫീസിലെത്തി കീഴടങ്ങിയത്. ഇവരെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. സിപിഐയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. രാജു ഉള്‍പ്പെടെ പത്തു പ്രതികളും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാനും സിംഗിള്‍ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികള്‍ കീഴടങ്ങിയാല്‍ അന്നുതന്നെ മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 23 ന് നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്നു പ്രതികള്‍ക്കെതിരെ ഇന്ത്യാ ശിക്ഷാ നിയമത്തിലെ വകുപ്പുകളും പൊതുമുതല്‍ നശിപ്പിക്കുന്നത് തടയല്‍ നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയാണു കേസെടുത്തത്.