കെ.എം ഷാജിയുടെ അഴീക്കോട് മണ്ഡലം യു.ഡി.എഫിന് കൈവിട്ടു പോകുന്നു; തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വൻ ഭൂരിപക്ഷം

Rahid Azhikode

തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് വൻ ഭൂരിപക്ഷം. അഴീക്കോട് നിയമസഭാ മണ്ഡലം ഉള്‍പപ്പെടുന്ന പഞ്ചായത്തുകളില്‍ എൽ.ഡി.എഫിന് മികച്ച ഭൂരിപക്ഷമാണ് ലഭിച്ചത്. അഴീക്കോട്, ചിറക്കല്‍, വളപട്ടണം, പാപ്പിനിശേരി, നാറാത്ത് പഞ്ചായത്തുകളും കണ്ണൂര്‍ കോര്‍പ്പറേഷന്റെ ഭാഗമായ പുഴാതി, പള്ളിക്കുന്ന് സോണലുകളും ചേര്‍ന്ന അഴീക്കോട് മണ്ഡലത്തിൽ ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 6454 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് നടന്ന തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് 58,351 വോട്ട് ലഭിച്ചപ്പോള്‍ യുഡിഎഫിന് 51,897 വോട്ടും ബിജെപിക്ക് 15,705 വോട്ടുമാണ് ലഭിച്ചത്.

കെഎം ഷാജിക്കെതിരായ അഴിമതി ആരോപണം ഈ മേഖലകളില്‍ എല്‍ഡിഎഫ് വലിയതോതില്‍ പ്രചരണ ആയുധമാക്കിയിരുന്നു. അഴീക്കോട് സ്‌കൂളില്‍നിന്നും പ്ലസ്‌ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൈക്കൂലി കേസിൽ നിലവിൽ അന്വേഷണം നേരിടുകയാണ് കെ എം ഷാജി. അനധികൃത സ്വത്ത് സമ്പാദനകേസടക്കം ഷാജിയെ അടുത്തിടെ പ്രതിരോധത്തിലാക്കിയിരുന്നതിനാല്‍ പ്രചരണ രംഗത്തും എംഎല്‍എ സജീവമായിരുന്നില്ല. ഇത് യുഡിഎഫിന് തിരിച്ചടിയുമായി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 453 വോട്ട് ആയിരുന്നു ഷാജിയുടെ ഭൂരിപക്ഷം. 2016ല്‍ ഭൂരിപക്ഷം 2284 ആയി വര്‍ധിപ്പിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 21,857 ആയിരുന്നു അഴീക്കോട് മണ്ഡലത്തിലെ ഭൂരിപക്ഷം. ഇതെല്ലാം മറികടന്ന് ഇടതുപക്ഷത്തിന് ഇവിടെ തിരികെവരാന്‍ കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഷാജി ഒരുതവണ കൂടി അഴീക്കോട് മത്സരിക്കുവാൻ ഇറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഷാജി വന്നില്ലെങ്കിൽ കരുത്തനായ മറ്റൊരു സ്ഥാനാര്‍ഥിയെയാകും ഇവിടെ യു ഡി എഫ് പരീക്ഷിക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ഹൈക്കോടതി കണ്ടെത്തി അയോഗ്യനാക്കിയ കെ എം ഷാജി നിലവിൽ സുപ്രീം കോടതിയിൽ കേസ് നടത്തുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പാറ്റേണ്‍ ആയിരിക്കില്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്കിലും അഴീക്കോട്ടെ ഭൂരിപക്ഷം നഷ്ടമായത് യുഡിഎഫിനെ ആശങ്കയിലാക്കുന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി എംഎല്‍എ മണ്ഡലത്തില്‍ സജീവമായില്ലെങ്കില്‍ അഴീക്കോട് എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്ന കാര്യം ഉറപ്പാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: