കനത്ത മഴ തുടരും;സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിക്കു നിർദ്ദേശം
തിരുവനന്തപുരം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് എട്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. കൂടാതെ, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സംസ്ഥാന വ്യാപകമായി അവധി നൽകാൻ ദുരന്ത നിവാരണ സേന സർക്കാരിനോടു ശിപാർശ ചെയ്തിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്.