ലൈസൻസ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് വേണ്ട; ഇളവ് മാർച്ചുവരെ

തിരുവനന്തപുരം: കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വാഹനം ഓടിച്ചു കാണിക്കേണ്ട. മാർച്ച് 31 വരെയാണ് ഇളവ്. സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടുന്നതിനുമുമ്പേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

കേന്ദ്ര നിയമഭേദഗതിയെത്തുടർന്ന് ഒക്ടോബർ മുതൽ ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കിയിരുന്നു. ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ നൽകി പുതുക്കാൻ കഴിയുകയുള്ളൂ. ഒരുവർഷം കഴിഞ്ഞാൽ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവർഷം കഴിഞ്ഞാൽ ലേണേഴ്സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം എന്നതായിരുന്നു വ്യവസ്ഥകൾ.

പ്രവാസികൾ ഏറെയുള്ള സംസ്ഥാനത്ത് നിർദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ, കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. ഇതേ തുടർന്നാണ് മാർച്ചുവരെ ഇളവ് നൽകിയത്. ലൈസൻസ് കാലാവധി കഴിഞ്ഞ് അഞ്ചുവർഷത്തിനുള്ളിലാണെങ്കിൽ അപേക്ഷാഫീസും പിഴയും അടച്ചാൽ ലൈസൻസ് പുതുക്കി നൽകും. ഇതു സംബന്ധിച്ച് വ്യവസ്ഥകൾ ഏർപ്പെടുത്താൻ ഗതാഗത സെക്രട്ടറി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നിർദേശംനൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: