മുൻ മന്ത്രി കെപി മോഹനൻ ഇനി പുതിയ വേഷത്തിൽ; ലഹരിക്കെതിരെ പോരാടാൻ അഭ്രപാളിയിലേക്ക്

കണ്ണൂർ: മുൻ മന്ത്രി കെ പി മോഹനൻ ഇനി അഭിനയരംഗത്തേക്കും. പാനൂരിന്റെ പടത്തലവനായിരുന്ന പിആർകുറുപ്പിന്റെ മകനായ കെപി മോഹനൻ പിതാവിന്റെ പാത പിൻതുടർന്ന് എംഎൽഎയും മന്ത്രിയുമായെങ്കിലും പുതിയ വേഷത്തിലാണ് ഇനി കെപി മോഹനൻ എത്തുക. ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിനായി നിര്‍മിക്കുന്ന ‘ഇതാണ് ലഹരി’ എന്ന ടെലി ഫിലിമിലാണ് കെ പി മോഹനന്‍ പ്രധാന വേഷത്തിലെത്തുന്നത്. ലഹരിക്കടിമകളായ ഒരു കൂട്ടം കുട്ടികളെ ജീവിതത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുന്ന അധ്യാപകന്റെ റോളിലാണ് കെ പി മോഹനന്‍ ടെലിഫിലിമില്‍ വേഷമിടുന്നത്.
വേങ്ങാട് സ്വാന്തനം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഇതാണ് ലഹരി ടെലിഫിലിം മോഡി രാജേഷ് ആണ് സംവിധാനം ചെയ്യുന്നത്. വേങ്ങാട്, ഊര്‍പ്പള്ളി, കാടാച്ചിറ ഭാഗങ്ങളിലായി ചിത്രീകരണം നടക്കുന്ന ടെലിഫിലിമിന്റെ ചിത്രീകരണം 13ന് രാവിലെ 8.30ന് ഊര്‍പ്പള്ളിയില്‍ ആരംഭിക്കും. കോളേജ് പഠനകാലത്ത് നാടകത്തില്‍ അഭിനയിച്ചിരുന്ന കെ പി മോഹനന്‍ ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. പടയണി ദിനപത്രം ചീഫ് എഡിറ്റര്‍, എം എല്‍എ, മന്ത്രി, രാഷ്ട്രീയ നേതാവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയ കെ.പി മോഹനന്‍ സിനിമയിലും തിളങ്ങുമോ എന്നറിയാന്‍ പ്രേക്ഷകരും കാത്തിരിക്കുകയാണ്.

നല്ലൊരു ജൈവകർഷകനും ഫോട്ടോഗ്രാഫറുമായ കെപി മോഹനൻ വർഷങ്ങളായി ശബരിമല തീർത്ഥാടനത്തിന്റെ അനുഭവസമ്പത്തിനാൽ ഒട്ടേറെ കന്നി സ്വാമിമാർക്ക് ഗുരുസ്വാമി കൂടിയാണ്. എം പി വീരേന്ദ്രകുമാർ എൽഡിഎഫ് പാളയത്തിലേക്ക് തിരിച്ചെത്തിയപ്പോൾ വിയോജിപ്പുകൾ മാറ്റി വെച്ച് മോഹനനും കൂടെ ചേർന്നു. ഇപ്പോൾ ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റാണ് കെപി മോഹനൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: