കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളിൽ നിലവിലെ നിയന്ത്രണം ഏപ്രിൽ 30 വരെ തുടരും; നിർദേശം മുഖ്യമന്ത്രിയുടേത്

0

കോവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളിൽ നിലവിലെ നിയന്ത്രണങ്ങൾ ഏപ്രിൽ 30 വരെ തുടരണമെന്ന് കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് കേരളം ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. ഹോട്ട്‌സ്‌പോട്ട് അല്ലാതെയുള്ള സ്ഥലങ്ങളിൽ ശാരീരിക അകലം ഉറപ്പുവരുത്തി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് അനുമതി നൽകണമെന്നും കേരളം ആവശ്യപ്പെട്ടു. കോവിഡ് 19 ഭീഷണി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരികെപ്പോകാൻ സമയമായിട്ടില്ല. കേന്ദ്രം നിർദ്ദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
3.85 ലക്ഷം അതിഥിതൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ യാത്രാസൗകര്യം ഏപ്രിൽ 14ന് ശേഷം ഏർപ്പെടുത്തണം. ഇതിനായി പ്രത്യേക നോൺസ്‌റ്റോപ്പ് ട്രെയിൻ അനുവദിക്കണം. വരുമാനമില്ലാതെ കഷ്ടപ്പെടുന്ന ഇത്തരം തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടിൽ സഹായം ലഭ്യമാക്കണം. ഓരോഘട്ടവും സൂക്ഷ്മമായി വിലയിരുത്തി പടിപടിയായി വേണം നിയന്ത്രണം പിൻവലിക്കേണ്ടത്. സഞ്ചാരം അനിയന്ത്രിയമായാൽ കേരളം പോലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമാകും.
പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണം. എംബസികൾ കൃത്യമായ ഇടവേളകളിൽ ബുള്ളറ്റിനുകൾ ഇറക്കണം. ഹ്രസ്വകാല പരിപാടികൾക്കും വിസിറ്റിംഗ് വിസയിലും വിദേശരാജ്യങ്ങളിലെത്തി അവിടെ കുടുങ്ങിപ്പോയവരെ അന്താരാഷ്ട്ര ആരോഗ്യ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കുന്നത് പരിഗണിക്കണം. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മൂന്നു മാസത്തെ സാമ്പത്തിക സഹായത്തിനായി ബൃഹദ്പദ്ധതി വേണമെന്നും കേരളം ആവശ്യപ്പെട്ടു. കോവിഡ് രോഗത്തെ ഇ. എസ്. ഐ പരിധിയിൽ പരിഗണിച്ച് തൊഴിലാളികൾക്ക് വേതനം നൽകുന്ന നിലയുണ്ടാവണം. പൊതുവിതരണ സമ്പ്രദായം ഇന്ത്യയാകെ സാർവത്രികമാക്കണം. അടുത്ത മൂന്ന് മാസത്തേക്ക് കേരളത്തിന് ആവശ്യമുള്ള 6.45 ലക്ഷം ടൺ അരിയും 54000 ടൺ ഗോതമ്പും ലഭ്യമാക്കണം. ഉത്പാദന കേന്ദ്രത്തിൽ നിന്ന് ധാന്യവും പഴവർഗങ്ങളും വിപണിയിലെത്തിക്കുന്നതിന് കേരളത്തിലേക്ക് കൂടുതൽ ചരക്ക് ട്രെയിനുകൾ റെയിൽവേ അയയ്ക്കണം. സംസ്ഥാനത്തിന്റെ വായ്പപരിധി ഉയർത്തൽ, പ്രത്യേക പാക്കേജ് തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading