കൊറോണ: കണ്ണൂരിൽ ഉംറ കഴിഞ്ഞെത്തിയ ആൾ നിരീക്ഷണത്തിൽ

0

കണ്ണൂർ സിറ്റി: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകുന്നേരം പനിയും വൈറസ് രോഗ ബാധ ലക്ഷണങ്ങളുമായി എത്തിയ രോഗിയെ ജില്ലാ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ ഐസലേഷൻ വാർഡിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച ഉച്ചയോടെ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് പ്രത്യേക പരിചരണ വാർഡിലേക്ക് മാറ്റുകയായിരുന്നു. ഇയാളുടെ വീടുകളിൽ ആരോഗ്യ വകുപ്പ് അധികൃതർ എത്തി പരിശോധന നടത്തി. വേണ്ട നിർദേശങ്ങളും നൽകി. ഉംറക്ക് പോയതിന് ശേഷം തിങ്കളാഴ്ച തിരികെ എത്തിയപ്പോൾ തുടങ്ങിയ കഠിനമായ പനി, ചുമ, ശ്വാസം മുട്ട് തുടങ്ങിയവ മൂലം ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആലപ്പുഴയിലേക്ക് രക്തസാമ്പിളുകൾ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൊറോണ, എച്ച്.1 എൻ 1 ആണോ സാധാ വൈറൽ പനിയാണോ എന്ന കാര്യമെന്നും കൊറോണ നോഡൽ ഓഫീസർ ഡോ. അഭിലാഷ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ ന്യൂസി’നോട് പറഞ്ഞു.  

കൊറോണ രോഗം  സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് എത്തിയതിനുശേഷം പനി, തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസംമുട്ട്, നെഞ്ചുവേദന അനുഭവപ്പെട്ടാൽ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലോ ജില്ലാ ആശുപത്രിയിലോ ചികിത്സ തേടേണ്ടതാണെന്ന്  കൊറോണ നോഡൽ ഓഫീസർ ഡോക്ടർ അഭിലാഷ് പറഞ്ഞു. രോഗം സ്ഥിതീകരിച്ച സ്ഥലങ്ങളിൽ നിന്നും എത്തിയവരിൽ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർ പോലും 28 ദിവസത്തേക്ക് സ്വന്തം വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക്  കൊറോണ വൈറസ് ബാധ ഉണ്ടെന്ന സംശയം നിലനിൽക്കെകയാണ് ഡോക്ടർ അഭിലാഷ് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ ന്യൂസി’ന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയവരെ നിരീക്ഷിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇവർ വീടുകളിൽ ഉള്ള കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക, കുട്ടികളുമായി ഇടപഴകുകയാണെങ്കിൽ ഈ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കാതിരിക്കാൻ ശ്രമിക്കുക, സ്‌കൂളിൽ അയക്കുന്നതെങ്കിൽ മറ്റു ബന്ധു വീടുകളിലേക്ക് കുട്ടികളെ മാറ്റണം, വ്യക്തി ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടുക, ഇതും കൊറോണ വൈറസിന്റെ വ്യാപനം തടയും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം, കൊറോണ സ്ഥിതീകരിച്ച രാജ്യങ്ങളിൽ നിന്നും വരുന്നവർ ഉപയോഗിക്കുന്ന ടോയ്‌ലറ്റുകൾ വീട്ടിലെ മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക. കണ്ണൂരിൽ കൊറോണ വൈറസ് ബാധ സംശയം പ്രകടിപ്പിച്ച ആളുടെ വീട്ടുകാരിൽ ആർക്കെങ്കിലും ചെറിയ  പനി പോലുള്ള അസുഖങ്ങൾ വരികയാണെങ്കിൽ ഐസലേഷൻ വാർഡ് സജ്ജീകരിച്ചിരിക്കുന്ന ആശുപത്രികളേയോ ആരോഗ്യ വകുപ്പ് അധികൃതരേയോ വിവരം അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കണ്ണൂരിൽ പ്രത്യേകം തയ്യാറാക്കിയ കൊറോണ സെൽ 04972700194 നമ്പറിൽ വിളിക്കുകയെങ്കിലും ചെയ്യണമെന്നും ഡോ. അഭിലാഷ് പറഞ്ഞു. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രത്യേക വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്.  

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading