എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
ശ്രീകണ്ഠപുരം: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കുന്നത്തൂർ സ്വദേശികളായ കുഴിഞ്ഞാലിൽ ജോസ് (56), മംഗലത്ത് വർക്കി (58) എന്നിവരെയാണ് പയ്യാവൂർ എസ്ഐ ജോൺസൺ ടി. സഖറിയാസ്, എഎസ്ഐ ജോസ് ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 18 ന് രാത്രി കുന്നത്തൂരായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നത്തൂർ പാടി ഉത്സവത്തിനിടെ പ്രദേശത്ത് അനധികൃത മദ്യവിൽപ്പന നടക്കുന്നതായുള്ള വിവരത്തെത്തുടർന്ന് എത്തിയ ശ്രീകണ്ഠപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തെയാണ് ആക്രമിച്ചത്. മദ്യവിൽപ്പന നടത്തുകയായിരുന്ന യുവാവിനെ പിടികൂടുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ഒമ്പതംഗ സംഘം എക്സൈസുകാരെ ആക്രമിക്കുകയായിരുന്നു. ഏഴുപേരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ജോസും വർക്കിയും കണ്ണൂർ ജില്ലയുടെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇരുവരും കഴിഞ്ഞദിവസം നാട്ടിലെത്തിയതായുള്ള രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ പയ്യാവൂർ ടൗണിൽ വച്ചാണ് അറസ്റ്റ് ചെയ്തത്