കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

0

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ, 2020-21 വർഷത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ( KASP ) നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം ഉണ്ടാകുമെന്നതിനാൽ, രോഗികൾക്ക് ചികിത്സാ സഹായം തടസമില്ലാതെ ലഭ്യമാക്കുന്നതിനായി നിലവിലെ കാസ്പ് പദ്ധതി 2020 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നിലവിലെ നിബന്ധനകളും വ്യവസ്ഥകളും പാക്കേജ് നിരക്കുകളും അനുസരിച്ചാണ് പദ്ധതി തുടരുകയെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയത് മുതൽ മാർച്ച് മാസം വരെ 41.63 ലക്ഷം കുടുംബങ്ങൾ പദ്ധതിയിൽ അംഗമായിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളായ അകെ കുടുംബങ്ങളിൽ 21.88 ലക്ഷം കുടുബങ്ങൾക്കാണ് പ്രീമിയം തുകയുടെ ഒരു ഭാഗം കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. ബാക്കി 19.75 ലക്ഷം കുടുംബങ്ങളുടെ മുഴുവൻ പ്രീമിയം തുകയും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
നാളിതുവരെ 9.59 ലക്ഷം ക്ലെയിമുകളിലായി 662.27 കോടി രൂപയുടെ സൗജന്യ ചികിത്സ തിരഞ്ഞെടുത്ത സർക്കാർ-സ്വകാര്യ ആശുപത്രികൾ വഴി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 402 ആശുപത്രികളിൽ പദ്ധതി സേവനം ലഭ്യമാണ്. അതിൽ 188 സർക്കാർ ആശുപത്രികളും 214 സ്വകാര്യ ആശുപത്രികളുമാണുള്ളത്.
ഒരു കുടുബത്തിന് ഒരു വർഷത്തിൽ 5 ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കുന്നതാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. രാജ്യത്തിലെ തന്നെ ഏറ്റവുമധികം രോഗികൾക്ക് ഈ പദ്ധതിയനുസരിച്ച് ചികിത്സാ സഹായം നേടിക്കൊടുത്ത 6 ആശുപത്രികളും കേരളത്തിലാണ്. കോഴിക്കോട് മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനത്തും കോട്ടയം മെഡിക്കൽ കോളേജ് രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തുമെത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading