പ്രാദേശിക തലത്തില്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനം ഊര്‍ജിതമാക്കണം: മന്ത്രി ഇ പി ജയരാജന്‍

ഖാദി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഖാദി ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രാദേശിക തലങ്ങളില്‍ ഉള്‍പ്പടെ വ്യാപിപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ഇതിനായി വീടുകളിലെത്തിച്ച് വിപണനം ചെയ്യുന്നതുള്‍പ്പെടെയുള്ള രീതികള്‍ അവലംബിക്കണമെന്നും മന്ത്രി പറഞ്ഞു. പയ്യന്നൂര്‍ ഖാദിഗ്രാമ സൗഭാഗ്യയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മേഖലയിലെ പ്രധാന ഭീഷണികളിലൊന്നായ വ്യാജ ഖാദി ഉല്‍പ്പന്നങ്ങളെ പ്രതിരോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഖാദി മേഖല ഉയര്‍ന്നു വന്നത്. ഇന്ത്യയില്‍ ഖാദി മേഖല ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഇടമാണ് കേരളം. എന്നാല്‍ ഖാദിയെ ദുര്‍ബലപ്പെടുത്തുന്ന പല നടപടികളും നിലനിന്ന ഒരു കാലം ഉണ്ടായിരുന്നു. റിബേറ്റ് ദുരുപയോഗം ചെയ്യുക, യന്ത്രത്തറികളില്‍ നെയ്ത തുണികള്‍ വില്‍ക്കുക തുടങ്ങി തെറ്റായ പ്രവണതകളുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഖാദി മേഖലയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു. ഖാദിത്തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നുണ്ട്.
ഖാദി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍ ഏകോപിപ്പിച്ച് ഉല്‍പാദനത്തിലും വില്‍പനയിലും പൊതു നിലപാട് സ്വീകരിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളാണ് ഖാദി മേഖലയെ ശക്തിപ്പെടുത്തുന്നത്. ഖാദിയെ കൂടുതല്‍ ജനകീയമാക്കുന്നതിലും തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ മറികടക്കാനുള്ള ശ്രമത്തിലാണ് ഖാദി. കേരളത്തിലെ മുഴുവന്‍ ഖാദി ഷോറൂമുകളും നവീകരിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതിന്റെ ഭാഗമായാണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന്റേയും ബോര്‍ഡിന്റെയും ഫണ്ട് ഉപയോഗിച്ച് പയ്യന്നൂരിലെ ഖാദി ഗ്രാമ സൗഭാഗ്യ നവീകരിച്ചിരിക്കുന്നത്. പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 30 ശതമാനം പ്രത്യേക റിബേറ്റ് ഡിസംബര്‍ 31 വരെ ലഭിക്കും.
ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സലര്‍ പി ഷിജി, ഡെപ്യൂട്ടി സിഇഒ കെ പി ലളിതമണി, ഖാദി ബോര്‍ഡംഗം കെ ധനഞ്ജയന്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി രവീന്ദ്രന്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: