കണ്ണൂരിൽ ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച്‌ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു

നടുവില്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച്‌ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിലാണ് സംഭവം.

അങ്കമാലിയില്‍ ട്രാക്ടര്‍ കമ്ബനിയില്‍ ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവും നടുവില്‍ സ്വദേശിയായ യുവതിയും രണ്ട് കുട്ടികളും ഭര്‍ത്താവിന്‍റെ സുഹൃത്തും ഉള്‍പ്പെടുന്ന സംഘം ക്രിസ്മസ് ആഘോഷത്തിനായി കഴിഞ്ഞ ദിവസമായിരുന്നു യുവതിയുടെ വീട്ടില്‍ എത്തിയത്. അവധി കഴിഞ്ഞ് അങ്കമാലിയിലേക്ക് തിരിച്ചു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ വച്ച്‌ യുവതിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ഉണ്ടായി.

തര്‍ക്കം രൂക്ഷമായതോടെ നടുവില്‍-ഒടുവള്ളിത്തട്ട് റോഡില്‍ വിളക്കന്നൂര്‍ ഇറക്കത്തില്‍ വാഹനം നിര്‍ത്തി ഇറങ്ങിയ യുവാവ് റോഡരികില്‍ കിടന്ന കൂറ്റന്‍ കല്ല് എടുത്ത് യുവതിയുടെ തലക്ക് പിന്നിലിടിക്കുകയായിരുന്നു.
യുവതിയെ ആക്രമിക്കുന്നതും വാഹനത്തിലുണ്ടായിരുന്ന കുട്ടികള്‍ നിലവിളിക്കുന്നതും കണ്ടതോടെ വഴിയാത്രക്കാര്‍ യുവാവിനെ പിടിച്ചു മാറ്റുകയും യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗം ഷീബ ജയരാജന്‍ന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ യുവാവിനെ തടഞ്ഞു വെച്ച്‌ കുടിയാന്മല പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും തനിക്ക് പരാതിയില്ലെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.

നിരന്തരം ആക്രമണകാരിയാണ് യുവാവെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും യുവതിയുടെ അമ്മ ആവശ്യപ്പെട്ടുവെങ്കിലും പരാതിയില്ലെന്ന നിലപാടില്‍ യുവതി ഉറച്ചുനിന്നതോടെ ഉപദേശം നല്‍കി പൊലീസ് പറഞ്ഞുവിട്ടു. സമാനരീതിയില്‍ നിരവധി തവണ ഇയാള്‍ മകളെ മര്‍ദിച്ചിട്ടുണ്ടെന്ന് യുവതിയുടെ അമ്മ പറയുന്നു.

യുവതിയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയും വാഹനംനിര്‍ത്തുകയും ചെയ്തപ്പോള്‍ കാറിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത് ഇറങ്ങിപ്പോയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: