ഊരാച്ചേരി ഗുരുനാഥൻമാരുടെ
ജ്ഞാനാന്വേഷണം തേടി ശിൽപശാല

0

ഊരാച്ചേരി ഗുരുനാഥൻമാരുടെ സംസ്‌കാരിക, സാമൂഹിക, ജ്ഞാനപരമായ ഇടപെടലുകളുടെ പൈതൃകവേരുകൾ തേടി ചൊക്ലിയിൽ നടത്തിയ ശിൽപശാല ഭാഷാ ചരിത്രത്തിന്റെ വേരുകൾ തേടുന്നതും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായി. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ഊരാച്ചേരി ഗുരുനാഥൻമാർ സ്മാരക സമിതി, സ്മാരക ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല നടത്തിയത്. ഊരാച്ചേരി ഗുരുനാഥൻമാരുടെ ഭാഷ, വിദ്യാഭ്യാസം, വൈദ്യപഠനം, ജ്യോതിഷം മേഖലകളിൽ തെളിയിച്ച കഴിവുകൾ എന്നിവയുടെ ചരിത്രരേഖകൾ സമാഹരിച്ച് മ്യൂസിയവും സ്മാരകവും സ്ഥാപിക്കുന്നതിന്റെ ആദ്യപടിയായാണ് ശിൽപശാല നടത്തിയത്.
‘ഊരാച്ചേരി ഗുരുനാഥൻമാർ ചരിത്ര രേഖകളിൽ’ എന്ന വിഷയം പി പി സനൂജ അവതരിപ്പിച്ചു. ഊരാച്ചേരി ഗുരുനാഥൻമാരെ പുതുശ്ശേരി ഗുരുനാഥൻമാരായി അറിയപ്പെട്ടിരുന്നുവെന്ന് അവർ പറഞ്ഞു. തങ്ങൾക്ക് ലഭിച്ച അറിവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ ഗുരുനാഥൻമാർ മുൻകൈയ്യെടുത്തിരുന്നു. ഹെർമൻ ഗുണ്ടർട്ട് തയ്യാറാക്കിയ മലയാളം -ഇംഗ്ലീഷ് നിഘണ്ടു നിർമിക്കുന്നതിൽ ഗുരുനാഥൻമാരുടെ നിർണായക പങ്കുണ്ടായിരുന്നു. സാധാരണക്കാരുടെ ഭാഷ പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുണ്ടർട്ട് തലശ്ശേരി ഇല്ലിക്കുന്നിലെത്തി ഗുരുനാഥൻമാരുടെ അടുത്ത് നിന്ന് പഠനം നടത്തിയത്. എന്നാൽ ഗുണ്ടർട്ട് ഇവരെ മതപരിവർത്തനത്തിലേക്ക് ക്ഷണിച്ചതോടെ ഇവരുടെ ബന്ധം വഷളായതായും പി പി സനൂജ പറഞ്ഞു.ചികിത്സകളുടെ ഒറ്റമൂലി ശേഖരം ഗുരുനാഥൻമാരുടെ അടുക്കൽ ഉണ്ടായിരുന്നുവെന്ന് ‘ഊരാച്ചേരി ഗുരുനാഥൻമാർ: ജീവിതവും ചരിത്രവും’ എന്ന വിഷയം അവതരിപ്പിച്ച കവിയൂർ രാജഗോപാലൻ പറഞ്ഞു. ഇവരുടെ ജീവിതം 1874 വരെയാണെന്ന് ഗുണ്ടർട്ടിന്റെ ഡയറിയിൽ നിന്ന് മനസിലാക്കാം.’ഊരാച്ചേരി ഗുരുനാഥൻമാരുടെ പേരിലുള്ള നിർദിഷ്ട മ്യൂസിയവും: പഠനഗവേഷണ കേന്ദ്രവും സാങ്കേതിക സാധ്യതകൾ’ എന്ന വിഷയത്തിൽ കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയരക്ർ ആർ ചന്ദ്രൻപിള്ള സംസാരിച്ചു. മ്യൂസിയങ്ങൾ പാരമ്പര്യത്തിന്റെ വസ്തുതകൾ കൊണ്ട് കഥ പറയുന്ന ഇടങ്ങളായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മ്യൂസിയങ്ങൾ സന്ദർശകരുമായി സംസാരിക്കുന്നതാവണം. ഓരോ സന്ദർശത്തിലും പുതിയ അറിവുകൾ സന്ദർശകർക്ക് ലഭിക്കും. കെട്ടുകഥകൾ കൊണ്ട് മ്യൂസിയം നിർമിക്കരുത്. സത്യമേ പറയാവൂ. കഴിവതും രേഖാപരമായിരിക്കണം. മ്യൂസിയങ്ങൾ ജനങ്ങൾ തന്നെ നിയന്ത്രിച്ചാലേ മികച്ച രീതിയിൽ മുന്നോട്ടു പോവുകയൂള്ളൂ. വിദ്യാർഥികൾ പുസ്തകത്തിൽ നിന്നു മാത്രമല്ല മ്യൂസിയങ്ങളിൽ പോയും വിദ്യാഭ്യാസം നേടണമെന്നും ചന്ദ്രൻപിള്ള പറഞ്ഞു. ‘ഊരാച്ചേരി ഗുരുനാഥൻമാരും കേരളീയ ഗുരുകുല പാരമ്പര്യവും’ എന്ന വിഷയത്തിൽ കൊയിലാണ്ടി ഗവ. കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ. ഇ ശ്രീജിത്ത് സംസാരിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യയിലെത്തുന്നതിനു മുന്നേ കേരളത്തിൽ മികച്ച രീതിയിലുള്ള വിദ്യാഭ്യാസ പഠന രീതി നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഗവേഷണം മികച്ച രീതിയിൽ നടക്കാത്തതു കൊണ്ടാണ് പഴയകാല വിദ്യാഭ്യാസ പഠനങ്ങൾ വർത്തമാനകാലത്തിന് മനസ്സിലാക്കാൻ കഴിയാത്തത്. കുടിപ്പള്ളിക്കൂട രീതിയിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ ജാതിപരമായ വേർതിരിവ് വളരെ നേർത്തതായിരുന്നുവെന്ന് രേഖകൾ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് മലയാളം വിഭാഗം അസി. പ്രൊഫസർ ഡോ. കെവി മഞ്ജുള ‘ഊരാച്ചേരി ഗുരുനാഥൻമാരും നവോഥാനവും’ എന്ന വിഷയത്തിൽ സംസാരിച്ചു. സ്ത്രീ മുന്നേറ്റത്തിനും വിദ്യാഭ്യാസമുന്നേറ്റത്തിനും ഗുരുനാഥൻമാർ നിർണായക പങ്ക് വഹിച്ചുവെന്ന് അവർ പറഞ്ഞു. നിശബ്ദമായി നവകേരളം സൃഷ്ടിക്കായി ആന്തരിക വെളിച്ചം നൽകിയവരാണ് ഗുരുനാഥൻമാർ. ഗുണ്ടർട്ടിനെ മലയാളം, സംസ്‌കൃതം പഠിപ്പിച്ചതു പോലെ ഗുണ്ടർട്ടിൽ നിന്ന് പഠനം സ്വായത്തമാക്കാനും ഗുരുനാഥൻമാർ ശ്രമിച്ചിട്ടുണ്ടെന്ന് മഞ്ജുള പറഞ്ഞു. പിൽക്കാലത്ത് തലശ്ശേരിക്കുണ്ടായ സാസ്‌കാരികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിന് വെളിച്ചമേകാൻ ഗുരുക്കൻമാർക്ക് കഴിഞ്ഞുവെന്നും അവർ പറഞ്ഞു. മലയാളം സർവകലാശാല പ്രൊഫസർ ഡോ. കെഎം ഭരതൻ മോഡറേറ്ററായി. തെരഞ്ഞെടുക്കപ്പെട്ട നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading