ഊരാച്ചേരി ഗുരുക്കന്മാരെ ഓർമ്മിക്കുകയെന്നത് ചരിത്രത്തെ വീണ്ടെടുക്കൽ: ഡോ എ പി ശശിധരൻ

ചില പ്രത്യേക കാരണങ്ങളാൽ കാലം മറവിയിലാഴ്ത്തിയ സവിശേഷ വ്യക്തിത്വങ്ങളായ ഊരാച്ചേരി ഗുരുക്കന്മാരെ ഓർമ്മിക്കുന്നതിലൂടെ വിസ്മൃതമായ ചരിത്രത്തെ വീണ്ടെടുക്കുകയാണ് ചെയ്യുന്നതെന്ന് പ്രമുഖ ഭാഷാധ്യാപകനും ഗ്രന്ഥകാരനുമായ ഡോ എ പി ശശിധരൻ പറഞ്ഞു. ചൊക്ലി ഗ്രാമപഞ്ചായത്ത് ഹാളിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക സമിതി, ഊരാച്ചേരി ഗുരുനാഥന്മാർ സ്മാരക ഗ്രന്ഥാലയം എന്നിവ ചേർന്ന് സംഘടിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്മാരുടെ സ്മരണ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
ജാതി മേധാവിത്വം രൂക്ഷമായിരുന്ന ഒരു കാലത്ത് ഗുരുകുലത്തിന് പുറത്തിരുന്ന് അക്ഷരം പഠിച്ച് ഗുരുനാഥന്മാരായി മാറിയ, ജാതിയിൽ കീഴാളരായ ഇവരെ സാമ്പ്രദായിക കേരളീയ ചരിത്രം എവിടെയും രേഖപ്പെടുത്തിയില്ല. ആപത്തിന്റെ നിമിഷത്തിൽ മുമ്പിലൂടെ മിന്നിത്തെളിയുന്ന ഓർമ്മയെ കൈയ്യെത്തിപ്പിടിക്കലാണ് ചരിത്രമെന്ന് വാൾട്ടർ ബെഞ്ചമിൻ പറയുന്നു. കാലവും ചിന്തകളും വഷളായ കാലഘട്ടമാണിത്. ഈ കാലത്തിൽനിന്ന് കൊണ്ട് ചൈതന്യമാർന്ന മറ്റൊരു കാലത്തിലെ വ്യക്തികളെ വീണ്ടെടുക്കുന്നതിലൂടെ നാം ചരിത്രത്തെയാണ് തിരിച്ചുപിടിക്കുന്നത്- ഡോ എ പി ശശിധരൻ പറഞ്ഞു.വെറുമൊരു ഊര് മാത്രമായി വിസ്മൃതിയിലായി പോകുമായിരുന്ന ഒരു നാടിനെ കവിയൂരാക്കി മാറ്റിയ പ്രതിഭകളായിരുന്നു ഊരാച്ചേരി ഗുരുനാഥന്മാർ. ഭാഷാ നിപുണനായ ഡോ. ഹെർമൻ ഗുണ്ടർട്ടുമായി ഊരാച്ചേരി ഗുരുനാഥന്മാരെ താരതമ്യം ചെയ്യുകയല്ല വേണ്ടത്. മറിച്ച് ഊരാച്ചേരി ഗുരുനാഥന്മാരുമായി ഗുണ്ടർട്ടിനെ താരതമ്യം ചെയ്യുകയെന്നതാണ് ഉചിതം. ഉത്തര മലബാറിലുടനീളം സഞ്ചരിച്ച് കീഴാള ജനതയോട് പഠിക്കാൻ പറഞ്ഞ, വിദ്യ അഭ്യസിക്കാൻ പറഞ്ഞവരായിരുന്നു ഗുരുനാഥന്മാർ.അധികാരഘടനയ്‌ക്കെതിരായ സമരം മറവിക്കെതിരായ ഓർമ്മയുടെ സമരമാണെന്ന് മിലൻ കുന്ദേര പറയുന്നുണ്ട്. മനുഷ്യന്റെ മറവി ചൂഷണം ചെയ്തതാണ് ഭീകരഭരണകൂടങ്ങൾ വളരുന്നത്. അടിച്ചമർത്തപ്പെട്ടവർ എന്ന് ഓർമ്മയെ തിരിച്ചുപിടിക്കുന്നുവോ അത് അധികാരത്തിനെതിരായ സമരമാകുന്നു. അധികാരത്തിന്റെ സൂക്ഷ്മബല തന്ത്രങ്ങൾ നിലനിൽക്കുന്ന വർത്തമാനകാലത്ത് ഊരാച്ചേരി ഗുരുനാഥന്മാരുടെ ഓർമ്മയെ തിരിച്ച് പിടിക്കുകയെന്നത് അനിവാര്യമായ കടമയാണ്.കേരള ചരിത്രത്തിലും ഭാഷാ ചരിത്രത്തിലും ഇടപെട്ട മിഷനറിയായ ഗുണ്ടർട്ട് എന്ത് കൊണ്ടാണ് അക്കാലത്തെ പ്രബുദ്ധരായ പല പണ്ഡിതരേയും ഒഴിവാക്കി ഊരാച്ചേരി ഗുരുനാഥന്മാരുമായി ചേർന്ന്  പ്രവർത്തിച്ചത് എന്ന് നാം മനസ്സിലാക്കണം. ഒരു സാധ്യതയുമില്ലാത്ത ലോകത്ത് നിന്ന് കടന്ന് വന്ന് അനന്തസാധ്യതകളുടെ ലോകം നിർമ്മിച്ചവരാണ് ഗുരുനാഥന്മാർ. ഭാഷയിൽ മാത്രമല്ല. ശാസ്ത്രം, വേദാന്തം,മീമാംസ, ജ്യോതിഷം എന്നിവയിലും ഗുരുനാഥന്മാർ സംഭാവനകൾ നൽകി. ഇങ്ങനെ സമസ്ത മേഖലയിലും സമഗ്ര സംഭാവനകൾ നൽകിയ ഗുരുനാഥന്മാരുടെ ഇടപെടലുകൾ കൂടുതൽ പഠിക്കേണ്ടതുണ്ട്. പല കാരണങ്ങളാൽ തമസ്‌കരിക്കപ്പെട്ട ചില ജീവിതങ്ങളെ ഓർമ്മിക്കുകയെന്നത് ഒരു തരത്തിൽ ചരിത്ര നിർമ്മിതിയാണെന്നും ഡോ എ പി ശശിധരൻ പറഞ്ഞു.ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ അധ്യക്ഷത വഹിച്ചു. ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി സി സുരേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ എന്നിവർ സംസാരിച്ചു. ‘ഊരാച്ചേരി ഗുരുനാഥൻമാർ ജീവിതവും ചരിത്രവും’ എന്ന വിഷയത്തിൽ കവിയൂർ രാജഗോപാലൻ, ‘ഊരാച്ചേരി ഗുരുനാഥൻമാർ ചരിത്രരേഖകളിൽ’ എന്ന വിഷയത്തിൽ പി പി സനൂജ, ‘ഊരാച്ചേരി ഗുരുനാഥൻമാരും കേരളീയ ഗുരുകുല പാരമ്പര്യവും’ എന്ന വിഷയത്തിൽ കൊയിലാണ്ടി ഗവ.കോളേജ് ചരിത്രാധ്യാപകൻ ഡോ ഇ ശ്രീജിത്ത്, ‘ഊരാച്ചേരി ഗുരുനാഥന്മാരും നവോത്ഥാനവും’ എന്ന വിഷയത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് മലയാളം അധ്യാപിക ഡോ കെ വി മഞ്ജുള, ‘ഊരാച്ചേരി ഗുരുനാഥന്മാരുടെ പേരിലുള്ള നിർദിഷ്ട മ്യൂസിയവും പഠന ഗവേഷണ കേന്ദ്രവും സാങ്കേതിക സാധ്യതകൾ’ എന്ന വിഷയത്തിൽ കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയരക്ടർ ആർ ചന്ദ്രൻ പിള്ള എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മലയാള സർവ്വകലാശാല പ്രഫസർ ഡോ കെ എം ഭരതൻ മോഡറേറ്ററായി. തുടർന്ന് ചർച്ചകളും ആശയക്രോഡീകരണവും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: