ആറളത്തെ ആനമതില്‍ പ്രഖ്യാപനം അപഹാസ്യം: അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ്

കണ്ണൂര്‍: കാട്ടാനകളുടെ കടന്നാക്രമണം മനുഷ്യജീവനു ഭീഷണിയായ ആറളം ഫാമില്‍ ആനമതില്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവും അതില്‍ സിപിഎമ്മിന്റെ ആഹ്ലാദം പ്രകടനവും അപഹാസ്യമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്. ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരമൊരു അപഹാസ്യനാടകം കളിക്കുന്നതെന്ന് സിപിഎം നേതൃത്വവും സര്‍ക്കാരും വ്യക്തമാക്കണം.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ പ്രഖ്യാപിച്ചതാണ് ആനമതില്‍. 2020 മാര്‍ച്ചില്‍ ആനമതില്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി നല്കി 22 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതില്‍ 11 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറുകയും ചെയ്തു. ഏഴു മാസം മുമ്പ് മൂന്ന് മന്ത്രിമാരും രണ്ട് എംഎല്‍എമാരും ത്രിതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുത്ത യോഗവും ആനമതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട അന്നു മന്ത്രിയായിരുന്ന ഈ യോഗത്തില്‍ പങ്കെടുത്ത വ്യക്തി തന്നെയാണ് കലക്ട്രേറ്റിനു മുന്നില്‍ കഴിഞ്ഞ ദിവസം ആനമതില്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഉദ്ഘാടനം ചെയ്തത്. ഇത് ആളുകളെ കബളിപ്പിക്കലല്ലാതെ മറ്റെന്താണ്? ഭരണാനുമതി നല്കി തുക പാസാക്കിയ പദ്ധതി നടപ്പിലാക്കാതെ വീണ്ടും ആനമതില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിക്കുന്നതും അത് പുതിയ കാര്യമെന്ന പോലെ ഭരണപക്ഷം ആഘോഷിക്കുന്നതും ജനങ്ങളെ വിഡ്ഢികളാക്കുന്നതിനു തുല്യമാണ്.
ആറളം പ്രദേശത്തെ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് മണ്ഡലം എംഎല്‍എ അഡ്വ.സണ്ണി ജോസഫ് നിരന്തരമായി നടത്തിയ ശ്രമങ്ങളെ തുടര്‍ന്നാണ് 2020 ല്‍ ആനമതില്‍ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് 22 കോടി രൂപ ആന മതില് റെയില്‍ വേലി പദ്ധതിക്കു ചെലവ് കണക്കാക്കിയിരുന്നത് . 22 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് അതുമായി ബന്ധപ്പട്ട് ഒരു പാട് ചര്‍ച്ചകള്‍ നടന്ന ശേഷം ആറളത്ത് ആനമതില്‍ നിര്‍മ്മിക്കാന്‍ തീരുമാനമായെന്ന് പുതിയൊരു കാര്യമായി കൊട്ടിഘോഷിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
സിപിഎം നടത്തിയ സമരത്തിന്റെ വിജമായി ആനമതിലിനെ ഉയര്‍ത്തിക്കാണിക്കാന്‍ ജില്ലയിലെ സിപിഎം നേതൃത്വവുമായുണ്ടാക്കിയ ധാരണയുടെ പുറത്താണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്ന് കരുതേണ്ടി വരും. രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ മുമ്പ് പ്രഖ്യാപിച്ച ആനമതില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം വീണ്ടും ഇത്തരത്തില്‍ ആനമതില്‍ പ്രഖ്യാപനം നടത്തുന്ന പരിഹാസ്യമായ നടപടി ഈ മേഖലയില്‍ ഭീതിയോടെ കഴിയുന്ന ജനങ്ങളുടെ ക്ഷമ പരീക്ഷിക്കലാണെന്ന് അഡ്വ.മാര്ട്ടിന് ജോര്‍ജ് പ്രസ്താവനയില്‍ പറഞ്ഞു.