നിന്റെ ഉള്ളിലെ ഭദ്രയെ നീ തിരിച്ചറിയുക, തനിക്കെതിരെ വരുന്ന കടന്നാക്രമങ്ങളെ പ്രതിരോധിക്കാന്‍ മകളെ പ്രാപ്തയാക്കുന്ന അച്ഛന്റെയും മകളുടെയും ചിത്ര കഥ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നത് ഒരു അച്ഛന്റെയും മകളുടെയും രംഗങ്ങളാണ്. പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും കടന്ന് കയറ്റങ്ങള്‍ക്കുമെതിരെ പോരാടുകയും തന്റെ മകളെ സ്വയം പൊരുതാന്‍ പ്രാപ്തയാക്കുകയും ചെയ്യുന്ന ഒരു അച്ഛന്റെ കഥ. ചിത്ര കഥയിലൂടെ തരംഗമാവുകയാണ്. അച്ഛന്റെ വാത്സ്യല്യം ഏറ്റുവാങ്ങി വളരുന്ന മകള്‍ വളര്‍ന്ന് പാഠശാലയിലേക്ക് അറിവിന്റെ മധുരം നുകരാന്‍ പോകുന്നു.
പിതൃതുല്യനായ അദ്ധ്യാപകന്റെ കരങ്ങളില്‍ മകളെ ഏല്‍പിച്ച്‌ വരുന്ന അച്ഛനും സ്‌നേഹ സ്പര്‍ശത്തോടെ മകളെ അറിവിന്റെ മധുരം പകരാന്‍ സ്വീകരിക്കുന്ന അദ്ധ്യാപകനെയും വളരെ തന്മയത്തോടെ അവതരിപ്പിക്കുന്നു. തുടര്‍ന്ന് ഗുരുവില്‍ നിന്ന് അസുരനായി മാറുന്ന അദ്ധ്യാപകനും തനിക്കെതിരെ പാഞ്ഞടുക്കുന്ന അസുരനില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന പെണ്‍കുട്ടിയും വീട്ടിലെത്തി അച്ഛനോട് താന്‍ ഏല്‍ക്കേണ്ടി വന്ന ദുരനുഭവം വിവരിച്ചപ്പോള്‍ വാത്സല്യത്തില്‍ നിന്നും രൗദ്രഭാവം പൂണ്ട് നിഗ്രഹത്തിന് ഒരുങ്ങുന്ന അച്ഛനും സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ഇരിങ്ങാലകുട സ്വദേശി ശ്യം സത്യന്റെ ഭാവനയില്‍ വിരിഞ്ഞ ആശയം ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഇനി ഒരുത്തനും നിന്നെ കാമ വെറിയോടെ സ്പര്‍ശിക്കില്ല. എന്റെ മകള്‍ക്കിനി ഭയന്നോടേണ്ടി വരില്ല. നിന്റെയുള്ളിലെ ഭദ്രയെ നീ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്ന ക്യാപ്ഷനോടെയാണ് ശ്യം സത്യന്‍ 31 ചിത്രങ്ങളിലൂടെ ആശയം പങ്കുവെക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആതിക്രമങ്ങള്‍ക്കെതിരെ തന്റെ മനസില്‍ രൂപപ്പെട്ട ആശയത്തിലൂടെ ശ്യം തുറന്നുകാട്ടുന്നു. കഥകളിയിലെ പച്ച വേഷത്തിലൂടെ വാത്സല്യ നിധിയായ അച്ഛനില്‍ നിന്നും രൗദ്രഭാവത്തില്‍ കത്തിവേഷത്തിലേക്കുള്ള പരിണാമം പൂര്‍ണ അര്‍ത്ഥത്തില്‍ അവതരിപ്പിക്കാന്‍ ശ്യാം ശ്രമിച്ചു എന്നത് ശ്രദ്ധേയമാണ്. ഓരോ പെണ്‍കുട്ടിയും അവളുടെ ഉള്ളിലുള്ള ഭദ്രയെ കണ്ടെത്തണമെന്ന് വളരെ വ്യക്തമായി പറയുകയാണ് ശ്യാം. അച്ഛന്‍ എന്ന തലക്കെട്ടില്‍ ഒരുക്കിയ ഫോട്ടോ സ്‌റ്റോറി പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അച്ഛനാണ് ഇപ്പോള്‍ താരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: