സുരേഷിന് വേണം ഒരു കൈത്താങ്ങ്

0

പയ്യന്നൂര്‍: കാനായി മുണ്ടത്തടം സ്വദേശിയായ സി.വി സുരേഷ് സുമനസ്സുകളുടെ സഹായം കാത്തുകിടപ്പായിട്ട് വര്‍ഷങ്ങളായി.ജന്മനാ കൂടെക്കൂടിയ മസ്കുലാര്‍ ഡിസ്ട്രോഫിയാണ് ഇദ്ദേഹത്തിന്റെ ശരീരം തളര്‍ത്തിയത്.നാല്‍പ്പത്തിയേഴുകാരനായ ഇദ്ദേഹം ഇരുപത്തി മൂന്നാം വയസ്സ് മുതല്‍ ഇലക്ട്രോണിക്ക് സാധനങ്ങള്‍ റിപ്പയറിങ് സ്വയം പഠിച്ചെടുത്ത് ആ രംഗത്ത് തുടര്‍ന്നെങ്കിലും 2003 ല്‍ ഒരു വീഴ്ചയ്ക്കുശേഷം പിന്നീട് പരസഹായത്തോടുകൂടി മാത്രമേ തൊഴിലെടുക്കാനാകൂ എന്ന സ്ഥിതി വന്നു.എങ്കിലും സുരേഷ് നിശ്ചയദാര്‍ഢ്യം കൈവിട്ടില്ല.എന്നാല്‍ വീണ്ടും വിധി വീഴ്ചയുടെ രൂപത്തില്‍ വന്നു.2014 ല്‍ കട്ടിലില്‍ നിന്ന് വീണതോടെ ചലനാവസ്ഥ ഏതാണ്ട് തൊണ്ണൂറ് ശതമാനത്തോളം നഷ്ടപ്പെട്ടുകഴിഞ്ഞു.പേശീബലം കുറഞ്ഞുവരുന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത.ഇതിന് പൂര്‍ണ്ണമായ ചികിത്സ സാധ്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
2015 ല്‍ വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ അമ്മ മരണപ്പെട്ടു. മൂത്ത സഹോദരി ശൈലജയാണ് ഇദ്ദേഹത്തെ പരിചരിക്കുന്നത്.ഇവര്‍ വിവാഹിതയാണെങ്കിലും സുരേഷിനെ പരിചരിക്കേണ്ടതിനാല്‍ കൂടെത്തന്നെയാണ് താമസം. റേഡിയോ റിപ്പയറിങ്ങിനാവശ്യമായ സാധനങ്ങളെല്ലാം അയല്‍വാസി തന്നെയായിരുന്ന സുജാതയാണ് പയ്യന്നൂര്‍ ടൗണില്‍ പോയി കൊണ്ടുവന്നിരുന്നത്.കേടുവന്നവയ്ക്കുപകരം മാറ്റിവച്ച സാധനങ്ങളുടെ തുക മാത്രമേ കണക്കുപറഞ്ഞ് വാങ്ങാറുള്ളൂവെന്നും കൂലിയുടെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ആകാശവാണിയുടെ ഉത്തമ ശ്രോതാവായ സുരേഷ് രാവിലെ മുതല്‍ രാത്രി വരെ വിവിധ കേരള നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടികള്‍ വളരെ സൂക്ഷ്മമായി ശ്രദ്ധിച്ച് പ്രതികരണങ്ങള്‍ അയക്കും.ഇങ്ങനെ സമ്പാദിച്ച സുഹൃത്തുക്കളുമായി കത്തെഴുതിയും ഫോണില്‍ സംസാരിച്ചും ആനന്ദം കണ്ടെത്തുകയാണിപ്പോള്‍.സംഗീതവും റേഡിയോ ശ്രവണവും വിനോദോപാധി മാത്രമല്ല ഇദ്ദേഹത്തിന് മുടങ്ങിപ്പോയ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ച കൂടിയാണ്.കുടുംബവകയായി പതിച്ചുകിട്ടിയ പത്ത് സെന്റ് സ്ഥലത്ത് പ്രധാനമന്ത്രിയുടെ ഭവന നിര്‍മ്മാണപദ്ധതിയിലുള്‍പ്പെടുത്തി നാല് ലക്ഷം രൂപ വീടിനായി അനുവദിക്കപ്പെട്ടെങ്കിലും പ്രവൃത്തി കഴിഞ്ഞപ്പോള്‍ ഏതാണ്ട് എട്ടുലക്ഷത്തിലധികമായി.ഇതില്‍ ഒരു ലക്ഷം രൂപയോളം ബാധ്യതയുണ്ട്.സഹൃദയരുടെ കാരുണ്യം കൊണ്ടുകൂടി യാഥാര്‍ത്ഥ്യമായ വീടിന്റെ നിര്‍മ്മാണഘട്ടത്തില്‍ അപ്രതീക്ഷിതമായി ചില കേടുപാടുകള്‍ പറ്റിയതും വിനയായതായി ഇദ്ദേഹം പറയുന്നു.ഇക്കഴിഞ്ഞ ജൂണ്‍ പതിനേഴിന് ലളിതമായ ചടങ്ങുകളോടെ ഗൃഹപ്രവേശകര്‍മ്മം നടത്തി.സുരേഷിനെ സഹായിക്കാന്‍ സുമനസ്സുകള്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന വേദിയായ കാഞ്ചീരവം കലാവേദി ഭാരവാഹികള്‍ ‍ പറഞ്ഞു.

ബേങ്ക് അക്കൗണ്ട് വിവരങ്ങള്‍:
സി.വി സുരേഷ്
കേരള ഗ്രാമീണ്‍ ബേങ്ക് പയ്യന്നൂര്‍ ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍: 40490101011997
ഐ.എഫ്.എസ്.സി: KLGB0040490

സുരേഷിന്റെ ഫോണ്‍: 9447518871

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading