ടിക്കറ്റ് പരിശോധകന് മർദനം: ആറുപേർക്കെതിരെ കേസെടുത്തു
![](https://i0.wp.com/kannurvarthakal.com/wp-content/uploads/2019/09/crime-1.jpg?fit=277%2C182&ssl=1)
പയ്യന്നൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധകനെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പോലീസ് കേസെടുത്തു. ടിക്കറ്റ് പരിശോധകൻ പാപ്പിനിശ്ശേരി അരോളിയിലെ കെ.വി ഹൗസിൽ വിനീത് രാജിനെ (32) യാണ് ആറംഗ സംഘം മർദിച്ചത്. ഞായറാഴ്ച രാത്രി ഒൻപതോടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരം – ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് വണ്ടിയിൽ സുഹൃത്തിനെ കയറ്റിവിടാൻ എത്തിയ ആറംഗസംഘത്തോട് പ്ലാറ്റ്ഫോമിൽ വിനീത് രാജ് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇവരുടെ കയ്യിൽ ടിക്കറ്റ് ഇല്ലാത്തതിനാൽ പിഴയടക്കാൻ ആവശ്യപ്പെട്ടപ്പോൾ സംഘംതന്നെ തള്ളിയിട്ട് മർദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തതായി വിനീത് രാജ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പൊലീസാണ് ഇദ്ദേഹത്തെ പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചത്.