പഠനസമയം നേരത്തെ ആക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി ജയരാജൻ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മെരുവമ്പായി എംയുപി സ്കൂളിനായി പുതുതായി നിര്‍മിച്ച അബ്ദുള്ള മാസ്റ്റര്‍-ഹുസൈന് മാസ്റ്റര്‍ സ്മാരക ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 27 ഹൈടെക് ക്ലാസ് മുറികള്‍, കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി കം റീഡിംഗ് റൂം, ഓഫീസ്, സ്റ്റാഫ് റൂം, ഓഡിറ്റോറിയം, ലിഫ്റ്റ് തുടങ്ങിയ സംവിധാനങ്ങളടങ്ങിയ കെട്ടിടമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഇ.പി. ജയരാജന് അധ്യക്ഷത വഹിച്ചു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യാത്രാസൗകര്യങ്ങളിലൊക്കെ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ സ്കൂള്‍ സമയക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്ന് മന്ത്രി ജയരാജൻ പറഞ്ഞു.
പഠനം രാവിലെ നേരത്തേ തുടങ്ങി നേരത്തേ അവസാനിപ്പിക്കുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഹയര്‍സെക്കൻഡറി ക്ലാസുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ നല്കാന് ഇതുവഴി അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണ വിതരണത്തിന്റെ സൗകര്യവും നിലവാരവും മെച്ചപ്പെടുത്താനായി യുപി സ്കൂളുകളില്‍ 1788 കലാ-കായിക-പ്രവൃത്തി പരിചയ അധ്യാപകരെ എസ്എസ്കെ വഴി നിയമിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു.
7000 രൂപയായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച ഇവരുടെ ശമ്പളം 14,000 രൂപയാക്കി ഉയര്‍ത്തിയതായും അദ്ദേഹം പറഞ്ഞു. പുതുതായി നിര്‍മിച്ച ലിഫ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷും കംപ്യൂട്ടര്‍ ലാബ് ഡിഡിഇ ടി.പി. നിര്‍മലാദേവിയും ഉദ്ഘാടനം ചെയ്തു.