പയ്യാവൂർ പോലീസ് സ്റ്റേഷന് കെട്ടിടമൊരുങ്ങുന്നു

ശ്രീകണ്ഠപുരം:പയ്യാവൂർ പോലീസ് സ്റ്റേഷന് കണ്ടകശ്ശേരിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. പയ്യാവൂർ കണ്ടകശ്ശേരിയിൽ കോട്ടയം അതിരൂപത സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഇതിനായി നേരത്തെതന്നെ സർക്കാർ തുക അനുവദിച്ചിരുന്നു.
പോലീസ് സ്റ്റേഷൻ നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയിട്ട് രണ്ട് വർഷത്തിലേറെയായെങ്കിലും ഫണ്ട് അനുവദിക്കാൻ വൈകിയത് മൂലമാണ് പണി തുടങ്ങുന്നത് നീണ്ടുപോയത്. 1.8 കോടി രൂപ ചെലവിൽ ഹെബിറ്റാറ്റാണ് നിർമാണം നടത്തുന്നത്. വിശ്രമമുറി, കംപ്യൂട്ടർ മുറി, റെക്കോർഡ് മുറി, പരേഡ് ഗ്രൗണ്ട് തുടങ്ങി എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് നിർമാണം.
അടുത്ത മാസത്തോടെ പണിപൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. പയ്യാവൂർ ബസ് സ്റ്റാൻഡിന് സമീപം പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണ് നിലവിൽ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പയ്യാറ്റ് വയലിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്റ്റേഷൻ 12 വർഷം മുൻപ് ഇവിടേക്ക് മാറ്റുകയായിരുന്നു. മഴക്കാലത്ത് ചോർന്നൊലിക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തിൽ ഫയലുകൾപോലും സൂക്ഷിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണ്. ഈ കെട്ടിടത്തിൽ ലോക്കപ്പോ പോലീസുകാർക്കുള്ള വിശ്രമമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ തൊണ്ടിമുതൽ സുക്ഷിക്കാനുള്ള സ്ഥലമോ ഇല്ല. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ പ്രാഥമികാവശ്യങ്ങൾക്ക് സമീപത്തെ കൃഷിഭവനെയാണ് നിലവിൽ പോലീസുകാർ ആശ്രയിക്കുന്നത്. പുതിയ കെട്ടിടമൊരുങ്ങുന്നതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ഉദ്യോഗസ്ഥർ.