ലൈഫ് ഭവന പദ്ധതി മൂന്നാം ഘട്ടം  ഈ വര്‍ഷം തന്നെ: മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന് സമീപം നടന്ന പരിപാടിയില്‍ വച്ച് പിണറായി ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച 11 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതിയുടെ ഒന്നാം ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ട നിര്‍മ്മാണം പുരോഗമിച്ച് വരികയാണ്. ഈ വര്‍ഷം തന്നെ അടുത്ത ഘട്ടത്തിലേക്ക് സര്‍ക്കാര്‍ കടക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനമെന്നോണം ഓരോ ജില്ലയിലും ഒരു കേന്ദ്രം കണ്ടെത്തി അവിടെ ഭവന സമുച്ഛയം നിര്‍മ്മിക്കും. ഭാവിയില്‍ ഇത് വിപുലപ്പെടുത്തി ഭവന രഹിതരായ എല്ലാവര്‍ക്കും വീട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ടൂറിസം മേഖലയ്ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്ന കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന ദേശീയ ജലപാതയുടെ നിര്‍മ്മാണം 2020ല്‍ പൂര്‍ത്തീകരിക്കും. ടൂറിസം വികസനം സാധ്യമാകുക എന്നത് ആ പ്രദേശത്തെ ജനങ്ങളുടെ പുരോഗതി കൂടിയാണ്. ഇതിലൂടെ വരുമാന മാര്‍ഗം ഉണ്ടാകും. 

കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ പദ്ധതികളില്‍ ഉള്‍പ്പെട്ട് സാങ്കേതിക കാരണങ്ങളാല്‍ പാതിവഴിയില്‍ നിലച്ച 50,000 വീടുകളുടെ നിര്‍മ്മാണമാണ് ലൈഫ് ഭവന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.രണ്ടാം ഘട്ടം ഭൂമിയുള്ള വീടില്ലാത്ത 80,000 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുന്നത്. ഇതില്‍ പലതും പൂര്‍ത്തീകരിച്ച് കഴിഞ്ഞു. ബാക്കിയുള്ളവ എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് മൂന്നാം ഘട്ടം തുടങ്ങുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

ചടങ്ങില്‍ എ പ്രഭാകരന്‍ അധ്യക്ഷയായി. കെ കെ രാഗേഷ് എം പി, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ഗീതമ്മ എന്നിവര്‍ സംസാരിച്ചു.മുന്‍ എം എല്‍ എ കെ കെ നാരായണന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, സി എന്‍ ചന്ദ്രന്‍, കെ ശശിധരന്‍, ആലക്കണ്ടി രാജന്‍, വി ലീല എന്നിവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: