മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം: കല്യാശ്ശേരി മണ്ഡലത്തിലെ  പദ്ധതി പുരോഗതി വിലയിരുത്തി  

ഉത്തരമലബാറിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസവുമായി ബന്ധപ്പെട്ട കല്യാശ്ശേരി മണ്ഡലത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ടി വി രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. പദ്ധതിയുടെ ജില്ലയിലെ ഒന്നാംഘട്ട പ്രവൃത്തികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 80.4 കോടിയും സംസ്ഥാനസര്‍ക്കാര്‍ 40 കോടിയും നേരത്തേ അനുവദിച്ചിരുന്നു. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലെ പുഴകളെ കൂട്ടിയിണക്കിയും തീരങ്ങളിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുമാണ് റിവര്‍ ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്. 

കുപ്പം പുഴയില്‍ സമൃദ്ധമായി വളരുന്ന കണ്ടല്‍ക്കാടുകളുടെ ഭംഗിയും പ്രാദേശിക കലാരൂപങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി വിവിധ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് എംഎല്‍എ പറഞ്ഞു. 

കല്യാശ്ശേരി മണ്ഡലത്തില്‍ പട്ടുവം മംഗലശ്ശേരി, പട്ടുവംകടവ്-മുതുകുട, കോട്ടക്കീല്‍, ചെറുകുന്ന്, താവം, മുട്ടില്‍ എന്നിവിടങ്ങളിലാണ് കണ്ടല്‍ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ബോട്ട് ടെര്‍മിനലുകള്‍, ബോട്ട് റേസ് ഗ്യാലറികള്‍, ബോട്ട് ജെട്ടികള്‍, ഏറുമാടങ്ങള്‍, ഫുഡ്‌കോര്‍ട്ടുകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയാണ് ഒരുക്കുന്നത്. തെയ്യം ടൂറിസത്തിന്റെ ഭാഗമായി പഴയങ്ങാടി, വാടിക്കല്‍, തെക്കുമ്പാട്, മാട്ടൂല്‍ മാട്ടൂല്‍ സെന്‍ട്രല്‍, മാട്ടൂല്‍ സൗത്ത്, മടക്കര എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന കലാകാരന്‍മാരുടെ ആലകള്‍, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, തെയ്യം പ്രദര്‍ശന കേന്ദ്രം, ബോട്ട് ടെര്‍മിനലുകള്‍, സൈക്കിള്‍ ട്രാക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞതായി എംഎല്‍എ പറഞ്ഞു. 25 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുന്നത്. 

പദ്ധതികള്‍ക്കാവശ്യമായ ഭൂമി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും കണ്ടെത്തിക്കഴിഞ്ഞു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ ആവശ്യമായി വരുന്ന ഇടങ്ങളില്‍ ഇതിനുള്ള നടപടികളും പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഭൂമി വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിക്കാന്‍ ബാക്കിയുള്ള പഞ്ചായത്തുകള്‍ക്ക് ഇത് വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദ്ദേശം നല്‍കി. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന 325 കോടിയുടെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതികളുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പറശ്ശിനിക്കടവ്, വളപട്ടണം പുഴകളുടെ തീരപ്രദേശങ്ങളില്‍ നേരത്തേ ആരംഭിച്ചിരുന്നു. 

യോഗത്തില്‍ ടൂറിസം വകുപ്പ് റീജ്യണല്‍ ജോയിന്റ് ഡയരക്ടര്‍ സി എന്‍ അനിത കുമാരി, ഡെപ്യൂട്ടി ഡയരക്ടര്‍ പി മുരളീധരന്‍, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പ് പ്രതിനിധികള്‍, പദ്ധതി ആര്‍ക്കിട്ടെക്റ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: