സഞ്ജയ് കണ്ണാടിപ്പറമ്പ് എന്ന പോലീസ് ഓഫീസറുടെ ദൃഢനിശ്ചയം ഫലംകണ്ടു; അവസാനം ചാൾസിനെ കണ്ടെത്തി.

വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിനൊടുവിൽ ചാൾസ് കോട്ടയത്തുണ്ടെന്ന് കണ്ടെത്തി. 15 വർഷം മുൻപ് കണ്ണൂർ കാരനായ ചാൾസ് ഏൽപിച്ച അമൂല്യ നിധിയുമായി ദുബായിൽ നിന്നു കണ്ണൂരിൽ വന്ന പെൺസുഹൃത്തിന്റെ കഥ കഴിഞ്ഞ ദിവസം ‘കണ്ണൂർ വാർത്തകൾ’ പ്രസിദ്ധീകരിച്ചിരുന്നു.:

സുഹൃത്തായിരുന്ന ചാൾസ് സൂക്ഷിക്കാൻ ഏൽപിച്ച പൊതി; വഴിപിരിഞ്ഞു പോയ സുഹൃത്തിനെ കണ്ടെത്തി അത് തിരിച്ചേൽപിക്കാൻ മാത്രമാണ് ഈ പെൺസുഹൃത്ത് ദുബായിൽ നിന്നു കണ്ണൂരിലെത്തിയത്. പൊതിയിൽ എന്താണെന്നു അവർ ആരോടും പറഞ്ഞിട്ടില്ല. നിങ്ങൾ സുഹൃത്തിനെ കണ്ടുപിടിച്ചു തരൂ, അതു മാത്രമാണ് അവർ കണ്ണൂർ ടൗൺ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നത്.

കണ്ണൂർ ടൗൺ അഡിഷണൽ SI ആയ കോഴിക്കോട് സ്വദേശി ഷൈജുവിന്റെ സുഹൃത്ത് സബിഷിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന ഭഗീരഥപ്രയത്നത്തിൽ, പൊടിപിടിച്ചു കിടക്കുന്ന അനേകായിരം ഫയലുകളിൽ നിന്ന് ചാൾസിന്റെ മേൽവിലാസം കണ്ടെത്തുകയായിരുന്നു. ആശ്വാസമായെന്നു കരുതി കണ്ണൂർ കേളകത്തെ മേൽവിലാസത്തിൽ ചെന്ന് നോക്കിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് അവിടെ നിന്നും എവിടെക്കോ താമസം മാറിയതായി മനസിലായി. അന്വേഷണം വീണ്ടും നിലച്ചു. പക്ഷെ അവരെ സഹായിക്കണമെന്ന ആഗ്രഹം വിണ്ടും സഞ്ജയിന്റ മനസിൽ ഉദിച്ചു. ആദ്യം മുതൽ അന്വേഷണം തുടങ്ങി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച മേൽവിലാസത്തിൽ ചാൾസ് എം ജോസ് എന്നായതിനാൽ പിതാവിന്റെ പേര് ജോസ് അല്ലെങ്കിൽ ജോസഫ് എന്ന അനുമാനത്തിൽ അന്വേഷണം തുടങ്ങി. സർവീസിൽ നിന്നും വിരമിച്ച പോസ്റ്റൽ സൂപ്രണ്ടുമാരെ പറ്റി അന്വേഷിച്ചു. വിവിധ പെൻഷൻ സംഘടനാ ഭാരവാഹികളെ വിളിച്ചു. ഒടുവിൽ ജനാർദ്ദനൻ നമ്പ്യാർ എന്ന വ്യക്തി അങ്ങനെയൊരാളുണ്ട് എന്ന് ഉറപ്പിച്ചു. പക്ഷെ താമസം അറിയില്ല, ഫോൺ നമ്പർ അറിയില്ല. അതിനിടെ ഒട്ടേറെ ചാൾസ്മാരെ പറ്റി വിവിധ സ്ഥലങ്ങളിൽ നിന്നു വിവരങ്ങൾ വരാൻ തുടങ്ങി. സഞ്ജയ്ക്ക് പക്ഷെ ജോസഫ് എന്ന പേരിൽ അന്വേഷണം ആരംഭിക്കാനാണ് തോന്നിയത്. നൂറിലധികം ഫോൺ കോളുകൾ ചെയ്തു. ഒടുവിൻ കോട്ടയത്തെ ഒരു സുഹൃത്ത് വഴി കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ അയാൾ എറണാകുളത്ത് നിന്ന് കോട്ടയത്തേക്കുള്ള ബസ് യാത്രയിലായിരുന്നു. പക്ഷെ അയാൾ പറഞ്ഞു ആളെ അറിയാം നമ്പർ വീട്ടിലാണ്. കൃത്യം രണ്ട് മണിക്കൂറിന് ശേഷം അയാളെ വിളിച്ചു. ജോസഫ് എന്ന റിട്ടയേർഡ് പോസ്റ്റൽ സുപ്രണ്ടിന്റെ നമ്പർ കിട്ടി. അയാളെ വിളിച്ചു ചാൾസ് എന്ന മകനുണ്ടെന്ന് ഉറപ്പാക്കി. എല്ലാം ഒത്ത് വരുന്നു….. മകന്റെ നമ്പർ അയച്ചുതരാം എന്ന് പറഞ്ഞു. പക്ഷെ മണിക്കൂറുകൾ കഴിഞ്ഞിട്ടും നമ്പർ കിട്ടിയില്ല. ഫോൺ വിളിച്ചിട്ട് പിന്നെ എടുക്കുന്നുമില്ല. ഉദ്വേഗഭരിതമായ മണിക്കൂറുകൾ.  ഒടുവിൻ അച്ചന്റെ നമ്പർ ഫെയ്സ് ബുക്കിൽ അടിച്ചു നോക്കി പ്രൊഫൈൽ കണ്ടെത്തി. അതിൽ സുഹൃത്തുക്കളുടെ കൂട്ടത്തിൽ ചാൾസിനെ കണ്ടത്തി. പക്ഷെ മെസഞ്ചറിൽ ഇല്ല. കോൺടാക്ട് നമ്പർ ഇല്ല. അദ്ധേഹം ജോലി ചെയ്യുന്ന സഥാപനം നെറ്റിൽ സെർച്ച് ചെയ്ത് കണ്ടെത്തി. രാത്രിയായതിനാൽ ആരും ലാൻഡ് ലൈനിൽ വിളിച്ചിട്ട് എടുക്കുന്നില്ല. മൊബൈൽ നമ്പർ ഇല്ല താനും. സ്ഥാപനത്തിന്റെ പേജിൽ കണ്ട ഒരു പോസ്റ്ററിന്റെ മൂലയിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ച് ചാൾസിന്റെ നമ്പർ കണ്ടെത്തി. യുവതി ചാൾസിനെ കാണാൻ യുവതി കോട്ടയത്തേക്ക് പോയിട്ടുണ്ട്. രഹസ്യങ്ങളുടെ പേടകം തുറന്ന് ചാൾസിനെ ഏൽപ്പിക്കാൻ!

സിനിമാക്കഥയെ വെല്ലുന്ന ഈ അന്വേഷണത്തിന് പിന്നിൽ സഞ്ജയ് കണ്ണാടിപ്പറമ്പ് എന്ന കണ്ണൂർ ടൗൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുടെ ആത്മാർത്ഥത പ്രശംസനീയമാണ്. എഴുതി കൊടുത്ത പരാതി ഇല്ലാത്തതിനാൽ ഔദ്യോഗികമായല്ലാതെയും സുഹൃത്തുക്കൾ വഴിയും ഇദ്ധേഹം നടത്തിയ അന്വേഷണമാണ് ചാൾസിനെ കണ്ടെത്താൻ സഹായിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: