അഴീക്കോട്ടെ പ്ലസ്ടു വിവാദം സത്യമോ മിഥ്യയോ? കണ്ണൂർ വാർത്തകൾ ഓൺലൈൻ EXCLUSIVE STORY

അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിദ്യാലയമാണ് അഴിക്കോട്‌ ഹയർ സെക്കണ്ടറി സ്കൂൾ. വിദ്യാർത്ഥി ബാഹുല്യം കാരണം ഒരുകാലത്ത് രണ്ട് ഷിഫ്റ്റുകളായി പ്രവർത്തിച്ച ഒരു പ്രതാപകാലം കൂടി അവകാശപ്പെട്ട സ്കൂളാണിത്. പ്രഗല്ഭരായ അധ്യാപകരും സാമൂഹ്യ പ്രതിബദ്ധതയുള്ള മാനേജ്മെൻറും കെട്ടുറപ്പോടെ പ്രവർത്തിച്ചിരുന്ന വിദ്യാലയം ഉയർന്ന പഠനാന്തരീക്ഷമൊരുക്കാൻ നല്ല പരിശ്രമം നടത്തുന്നുണ്ടെന്ന് അവിടെ ചെല്ലുന്ന ആർക്കും ബോധ്യമാകും.അഴീക്കോട് എജുക്കേഷണൽ സൊസൈറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സ്‌കൂളിന്റെ ഗവേണിങ് ബോഡിയിൽ 10 ൽ താഴെ അംഗങ്ങളാണ് ഉള്ളത്. മാനേജ്‌മെന്റിനെതിരെ മുൻപും പല ആരോപണങ്ങളും ഉയർന്നു വന്നിട്ടുണ്ട്. നാട്ടുകാരായ ആളുകൾക്ക് ജോലി നൽകാതെ പുറമേ നിന്നുള്ളവർ ഡയറക്ടർ ബോർഡ് അംഗങ്ങളെ സ്വാധീനിച്ച് ജോലി നേടിയെടുക്കുന്നതായും പല പരാതികൾ കമ്മറ്റിക്കെതിരേ ഉയർന്നു വന്നിട്ടുണ്ട്. എല്ലാ പാർട്ടിയിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കൾ വരെ നിയമന കാര്യങ്ങളിൽ ഇടപെട്ടതായുള്ള പരാതികളും നാട്ടുകാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്‌. രസകരമായ മറ്റൊരു വസ്തുത, കാര്യങ്ങൾ ഇങ്ങനെയെക്കെയാണെങ്കിലും ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളുടെ ബന്ധുക്കൾ ഇവിടെ അധ്യാപകരാണ്. മുൻ എം.എൽ.എ പ്രകാശൻ മാഷുടെ മകൾ, സംസ്ഥാന സ്പ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ഒ.കെ.വിനീഷിന്റെ ഭാര്യ, സി.പി.എം. ട്രെയ്ഡ് യൂണിയൻ നേതാവ് അരക്കൻ ബാലന്റ മകൾ ഇവരൊക്കെ ഇവിടെയാണ് ജോലി ചെയ്യുന്നത്.

ആദ്യം പരിശോധിക്കേണ്ടത് 2014 വരെ ഈ സ്ഥാപനത്തിന് പ്ലസ്ടു എന്തുകൊണ്ട് അനുവദിച്ചില്ല എന്നതാണ്. മുൻ മാനേജർ സൂചിപ്പിച്ചതു പ്രകാരം പഴയ എം.എൽ.എ പ്രകാശൻ മാസ്റ്ററെ സമീപിച്ചിട്ടും പ്ലസ് ടു അനുവദിച്ചു കിട്ടാനുള്ള സാഹചര്യമുണ്ടായില്ലത്രേ. പിന്നിട് അൺ എയ്ഡഡ് വിഭാഗം പ്രത്യേക കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുകയാണുണ്ടായത് . തുടർന്ന് ഉമ്മൻ‌ചാണ്ടി സർക്കാർ ഭരണ കാലത്ത് പ്ലസ് ടു അനുവദിച്ചു കിട്ടാൻ സ്‌കൂൾ മാനേജ്‌മന്റ് വീണ്ടും ശ്രമം നടത്തുകയുണ്ടായി. മാനേജ്മെന്റ്‌ തിരുവനന്തപുരത്തു പോയി അന്നത്തെ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെ കണ്ട് കാര്യങ്ങൾ അവതരിപ്പിക്കുകയും അതിന് വേണ്ട നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ശേഷം എം എൽ .എ.ഷാജി വിഷയത്തിൽ ഇടപെട്ടു. ഇതിനിടയിൽ ഹയർ സെക്കണ്ടറി അനുവദിക്കുകയും ചെയ്തു ഇതിനെ തുടർന്നാണ് അഴീക്കോട് മുസ്ലിം ലീഗ്‌ ഒഫീസിനു വേണ്ടി കെട്ടിടം പണിയാൻ 25 ലക്ഷം രൂപ നൽകാമെന്നും അങ്ങനെ നടന്നാൽ സ്‌കൂളിന് പ്ലസ് ടു അനുവദിക്കാമെന്നും ധാരണ ഉണ്ടാകുന്നത് എന്ന് നൗഷാദ് പൂതപ്പാറ ആരോപിക്കുന്നത്.

പക്ഷെ കെ എം ഷാജി പൈസ ആർക്കും നൽകേണ്ട എന്ന് പറഞ്ഞതിനാൽ സ്‌കൂളിന് പ്ലസ് ടു അനുവദിച്ചെങ്കിലും പറഞ്ഞുറപ്പിച്ച തുക വാങ്ങിയില്ല. പക്ഷെ 2017 ജൂണിൽ നടന്ന ജനറൽ ബോഡിയിൽ പ്ലസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട ചിലവ് കണ്ടപ്പോൾ അതിനെ കുറിച്ച് പൂതപ്പാറ ലീഗ് അംഗങ്ങൾ അന്വേഷിച്ചപ്പോൾ 25 ലക്ഷം രൂപ കെ എം ഷാജി നേരിട്ട് ‘ വാങ്ങി എന്ന് അന്നത്തെ സ്‌കൂൾ മാനേജർ പി.വി പദ്മനാഭൻ പറഞ്ഞു എന്നാണ് നൗഷാദ് പൂതപ്പാറ ലീഗ് ജില്ലാ നേതൃത്വത്തിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. പക്ഷെ ഈ ആരോപണമെല്ലാം പഴയ മാനേജർ നിഷേധിക്കുന്നുമുണ്ട്

2016-ലെ തിരഞ്ഞെടുപ്പിൽപ്പോലും ഇത്തരമൊരു ആരോപണം ഉയർന്നിട്ടില്ലെന്ന് കെ.എം. ഷാജി എം.എൽ.എ. യും പറയുന്നു. ഇതിലെ വസ്തുത എന്ത്‌?

2014 – 2015 കാലഘട്ടത്തിലെ പ്ലസ് ടു അഴിമതിയുമായി ബന്ധപ്പെട്ട വിവാദം ഉയർന്ന് വരുന്നത് 2017 ജൂണിന് ശേഷം മാത്രമാണ്. അപ്പോൾ എങ്ങനെ 2016ലെ ഇലക്ഷനിൽ ഈ വിവാദം ഉണ്ടാകുമെന്നത് കൗതുകകരമാണ്. ആരോപണത്തെ തുടർന്ന് കെ എം ഷാജിയെ സമൂഹമാധ്യമത്തിൽ കൂടി അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് വളപട്ടണം പോലീസിൽ അദ്ദേഹം പരാതി നൽകുകയും തുടർന്ന് നൗഷാദ് പൂതപ്പാറക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ ഇപ്പോൾ നൗഷാദ് പൂതപ്പാറ നൽകിയ കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്.

തുടർന്നാണ് നൗഷാദ് പൂതപ്പാറയെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന് അറിയിച്ചു കൊണ്ട് പാർട്ടി മുഖ പത്രമായ ചന്ദ്രികയിൽ അറിയിപ്പ് വരുന്നത്. ഷാജി പണം കൈപറ്റിയെന്ന് സ്കൂൾ മാനേജർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് നൗഷാദ് ഇപ്പോഴും ആരോപിക്കുന്നു. അക്കാര്യം പാർട്ടിയിലാണ് പറഞ്ഞത്. പക്ഷെ നേതൃത്വം അംഗീകരിച്ചില്ലെന്നും കോഴ വാങ്ങിയതായി താൻ നൽകിയ കത്ത് താൻ ചോർത്തിയിട്ടില്ലെന്നും പാർട്ടിയിലെ ഷാജിയുടെ ശത്രുക്കൾ ആരോ ചെയ്തതാകാം എന്നുമാണ് നൗഷാദിന്റെ ഇപ്പോഴത്തെ വാദം. തന്റെ കൈയ്യിൽ മറ്റു തെളിവുകളില്ലന്നും അദ്ദേഹം പറയുന്നുണ്ട്. ഷാജിക്ക് പാർട്ടിയിൽ ശത്രുക്കൾ ഉണ്ടായിരുന്നു എന്ന വാദം ഒരുകണക്കിന് ശരിയുമാണ്. എം എൽ എ യുടെ ഒറ്റത്തെങ്ങിലെ വീട് ആക്രമിച്ചതിന് പിടിയിലായവരിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്ത് അംഗവും ലീഗ് പ്രവർത്തകരുമായിരുന്നു തുടർന്ന് പർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്ത അവരെ അടുത്തിടെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്.

നൗഷാദ് പൂതപ്പാറയുടെ കത്ത് പുറത്തായതിന് പിന്നാലെയാണ് അഴീക്കോട് സ്വദേശിയായ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവൻ പദ്മനാഭൻ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്. എന്നാൽ നാഷാദിന്റെ കൈപ്പടയിലുള്ള കത്താണ് ആകെയുള്ള രേഖ. ഇതു കൂടാതെ മാനേജ്മെന്റ്റ മിനുട്ട്സ് വരവു ചിലവു കണക്കുകൾ എന്നിവ തെളിവായി നൽകിയെന്നു കേൾക്കുന്നുണ്ട്. എന്നാൽ അതൊക്കെ വിജിലൻസ് ഇതിനകം തന്നെ പരിശോധിച്ച് തെളിവില്ലെന്ന് ബോധ്യപ്പെട്ടുവെന്നാണ് സ്കൂളുമായി അടുത്ത വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത്.
പണം കൊടുത്തിട്ടില്ല എന്ന് പൂർണ്ണമായും വിശ്വസിക്കുകയും പ്രയാസമാണ്.ഇതിനു മുൻപ് പ്ലസ് ടു അനുവദിച്ചതിലുള്ള വിവാദങ്ങൾ നാം മറന്നിട്ടില്ലല്ലോ. പണമോ തത്തുല്ല്യഎണ്ണം പോസ്റ്റുകളോ കൃത്യമായി എണ്ണിപ്പറഞ്ഞു വാങ്ങിയാണ് മിക്ക സ്കൂളുകളിലും പ്ലസ്റ്റു നൽകിയിരിക്കുന്നത്. ജോസഫ് ഇടതുപക്ഷ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം നിരവധി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.

25 ലക്ഷം വാങ്ങിയെങ്കിൽ എം.എൽ.എ. അന്വേഷണം നേരിടുക തന്നെ വേണം. അതു സംബന്ധിച്ച യാഥാർത്ഥ്യം പുറത്തു പറയാനുള്ള ബാധ്യത അഴീക്കോട് എജുക്കേഷണൽ സൊസൈറ്റിക്കുമുണ്ട്. പൊതുജനങ്ങൾക്കു മുന്നിൽ സത്യം അനാവരണം ചെയ്യപ്പെടട്ടെ. പൊതുപ്രവർത്തകരുടെ കൈകൾ ശുദ്ധമായിരിക്കണം. സംശയത്തിന്റെ കരിനിഴൽ വീഴ്ത്തപ്പെട്ടാൽ അഗ്നിശുദ്ധി വരുത്തി പുറത്തു വരേണ്ട ബാധ്യത ആരോപണ വിധേനായ ആൾക്കാണ്. എം .എൽ . എ വികസന ഫണ്ടിൽ നിന്ന് ഈ വിദ്യാലയത്തിന് എന്തൊക്കെ നൽകിയിട്ടുണ്ടെന്ന് കൂടി എം.എൽ.എ വെളിപ്പെടുത്തണം. പതിനായിരങ്ങൾ സ്നേഹാദരങ്ങളോടെ കാണുന്ന ഒരു മഹാവിദ്യാലയമായ അഴീക്കോട് ഹൈസ്കൂളിനു മേൽ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. ആ കോമള മേനിയിൽ ചളി പുരണ്ടിരിക്കുന്നു ‘ ആരാണ് കുറ്റക്കാർ? സ്കൂളിനെ നെഞ്ചേറ്റുന്ന അഴീക്കോടെ ആയിരക്കണക്കിനു കണ്ണുകൾ നിങ്ങളിൽ കുറ്റക്കാരെ തിരയുകയാണ്. സത്യം തെളിയട്ടെ. തെളിയുക തന്നെ വേണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: