ഇന്ത്യയിൽ 24 മണിക്കൂറിനിടെ 4987 പേർക്ക് കോവിഡ്; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,987 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,872 പേര് കോവിഡ് മൂലം ഇന്ത്യയില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത് വിട്ടത്.
ഇന്ത്യയില്‍ 34,000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 37.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികള്‍ ഏറ്റവും കൂടുതല്‍. 30,706 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. പതിനായിരത്തിലധികം രോഗികളുള്ള ഗുജറാത്താണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, മൂന്നാം ഘട്ട ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ കേന്ദ്രസര്‍ക്കാര്‍ നാലാം ഘട്ട ലോക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കും. രാജ്യത്തെ റെഡ്സോണ്‍ മേഖലകള്‍ ചുരുക്കിയേക്കുമെന്നാണ് സൂചന. 30 നഗരങ്ങളില്‍ മാത്രമാവും കടുത്ത നിയന്ത്രണങ്ങള്‍ തുടരുക.