അസമിൽ വൻ പ്രതിഷേധം ; മരണസംഖ്യ കൂടുന്നു

അസമിലെ ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വ്യാഴാഴ്ച പൊലീസ് നടത്തിയ വെടിവയ്പില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. പരിക്കേറ്റ രണ്ട് യുവാക്കള്‍ കൂടി ആശുപത്രിയില്‍ മരണമടഞ്ഞു. ഈശ്വര്‍ നായക്, അബ്ദുല്‍ ആലിം എന്നിവരാണ് മരിച്ചത്. നായക് ശനിയാഴ്ച രാത്രി മരിച്ചുവെന്നും അബ്ദുല്‍ ആലിം ഞായറാഴ്ച രാവിലെ അന്തരിച്ചുവെന്നും ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് രാമന്‍ താലൂക്ദാര്‍ പറഞ്ഞു.ജി.എസ് റോഡിലെ ഡൗണ്‍ ടൗണ്‍ ആശുപത്രിക്ക് സമീപം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചപ്പോഴാണ് നായകിന് വെടിയേറ്റത്. ലോഖ്രയിലെ ലാലുങ് ഗാവില്‍ വെച്ചാണ് ആലിമിന് വെടിയേറ്റത്. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് ആക്രമണത്തെത്തുടര്‍ന്ന് 26 പേരെ പരിക്കുകളോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഹതിഗാവില്‍ വെടിയേറ്റ സാം സ്റ്റാഫോര്‍ഡ് എന്ന 17 കാരന്‍ മരിച്ചു. വയറില്‍ വെടിയേറ്റ ദീപഞ്ജല്‍ ദാസാണ് മരിച്ച മറ്റൊരാള്‍.പ്രതിഷേധക്കാര്‍ക്ക് നേരെ നടത്തിയ വെടിവയ്പിനെ പൊലീസ് ന്യായീകരിക്കുന്നുണ്ട്. ക്രമസമാധാന പാലനത്തിന് ഈ നടപടി ആവശ്യമായിരുന്നുവെന്നാണ് എ.ഡി.ജി.പി ജി.പി സിങിന്റെ പ്രതികരണം. ഗുവാഹത്തിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി വിവിധ പ്രദേശങ്ങളില്‍ അക്രമികള്‍ നിയമവിരുദ്ധ പ്രവൃത്തികള്‍ നടത്തി വരികയാണെന്നും സിങ് പറഞ്ഞു. അസമിലുടനീളം 1,406 പേരെ പ്രിവന്റീവ് ഡിറ്റന്‍ഷനില്‍ പ്രവേശിപ്പിച്ചതായി ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: