പൗരത്വ നിയമം : ജാമിയ മിലിയയില്‍ പൊലീസ് അതിക്രമം

പൗരത്വ നിയമത്തിനെതിരെ അസാമിലും ബംഗാളിലും മറ്റും കത്തിപ്പടര്‍ന്ന പ്രതിഷേധം ഇന്നലെ ദക്ഷിണ ഡല്‍ഹിയില്‍ തെരുവു യുദ്ധമായി ആളിക്കത്തി. പ്രശസ്‌തമായ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല,​ വിദ്യാര്‍ത്ഥികളുടെയും പൊലീസിന്റെയും പോര്‍ക്കളമായി.പൊലീസ് അനുവാദമില്ലാതെ കാമ്ബസില്‍ കയറി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും തല്ലിച്ചതച്ചതായും ലൈബ്രറിയും പള്ളിയും മറ്റും തകര്‍ത്തതായും റബ്ബര്‍ബുള്ളറ്റ് ഉപയോഗിച്ച്‌ വെടിവച്ചതായും ആരോപണമുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെ വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു.കാമ്ബസിനു പുറത്ത് പ്രതിഷേധക്കാര്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ നാല് ബസുകള്‍ക്ക് തീയിട്ടു. യാത്രക്കാരെ പുറത്തിറക്കിയ ശേഷം ബൈക്കില്‍ നിന്ന് എടുത്ത പെട്രോള്‍ ബസുകളില്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. നിരവധി കാറുകളും ഇരുചക്രവാഹനങ്ങളും കത്തിച്ചു. അഗ്‌നിശമനസേനയുടെ രണ്ടു വാഹനങ്ങളും തകര്‍ത്തു. രാത്രി വൈകി ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.ജാമിയയിലെ വിദ്യാര്‍ത്ഥകള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം നടത്തിയ റാലിയാണ് അഞ്ച് മണിക്കൂറോളം നീണ്ട അക്രമത്തില്‍ കലാശിച്ചത്. ആയിരക്കണക്കിന് പേരാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തത്.
പൗരത്വ നിയമത്തിനെതിരെ മൂന്നു ദിവസമായി ജാമിയ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയില്‍ നിന്ന് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്‌ അക്രമാസക്തമാവുകയും ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഒരാഴ്ചത്തേയ്ക്ക് സര്‍വകലാശാല അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ കാമ്ബസില്‍ തന്നെ തങ്ങി സമരം തുടരുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: