സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

0
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് നല്‍കുന്ന സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദന്റെ ആശയങ്ങള്‍ യുവ തലമുറ മനസ്സിലാക്കേണ്ടതുണ്ടെന്നും ആ കാഴ്ചപ്പാടിന്റെ വര്‍ത്താനകാല സാഫല്യമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ വൈജ്ഞാനികമായും ചിന്താപരമായും  നേതൃത്വം നല്‍കാന്‍ യുവാക്കള്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ യൂത്ത് ക്ലബ്ബുകള്‍/സന്നദ്ധ സംഘടനകള്‍, യുവാ ക്ലബ്ബുകള്‍ എന്നിവയ്ക്കും കൊവിഡ് കാലത്ത് നടപ്പാക്കിയ യുവത്വം കൃഷിയിലേക്ക് പരിപാടി മികച്ച രീതിയില്‍ നടപ്പാക്കിയ  ക്ലബ്ബ്/സംഘടനകള്‍ക്കും പഞ്ചായത്തുകളില്‍ മികച്ച രീതിയില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ  യൂത്ത് കോ-ഓഡിനേറ്റര്‍മാര്‍ക്കുമുള്ള പുരസ്‌കാരങ്ങളുമാണ് വിതരണം ചെയ്തത്.
2018 ലെ മികച്ച യൂത്ത് ക്ലബ്/സംഘടനയ്ക്കുള്ള പുരസ്‌കാരം ചെക്കിക്കുളം പി കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയവും മികച്ച യുവ ക്ലബ്ബിനുള്ള പുരസ്‌കാരം നാറാത്ത് യുവക്ലബ് കാട്ട്‌വാടിയും നേടി. 2019ലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്‌കാരം കണ്ണാടിപ്പറമ്പ്, മാതോടം ടൈറ്റാനിക് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബിന് ലഭിച്ചു. ചേലേരി  നൂഞ്ഞേരി കോളനി യുവ ക്ലബ് 2019ലെ മികച്ച യുവ ക്ലബ്ബിനുള്ള പുരസ്‌കാരവും നേടി. 30000 രൂപയും, പ്രശസ്തി പത്രവും, ശില്പവുമാണ് പുരസ്‌കാരം.
യുവത്വം കൃഷിയിലേക്ക് പരിപാടി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് മയ്യില്‍ തായംപൊയില്‍  സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം, ചെക്കിക്കുളം പി കൃഷ്ണപ്പിള്ള സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം, പെരിങ്ങോം മടക്കാംപൊയില്‍ യുവക്ലബ് എന്നിവര്‍ പുരസ്‌കാരം നേടി.
പരിയാരം ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഐ ശ്രീകുമാര്‍,  നാറാത്ത് ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ വി ജംഷീര്‍,  പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ കെ പി ശിഖില്‍ ശശിധരന്‍ എന്നിവര്‍ മികച്ച യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി.  സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗങ്ങളായ ബിജു കണ്ടക്കൈ, മഹേഷ് കക്കത്ത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സരിന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading