120 കോടി രൂപ ചെലവിൽ നിർമിച്ച പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡ് 24നു നാടിനു സമർപ്പിക്കും

പഴയങ്ങാടി: 120 കോടി രൂപ ചെലവിൽ നിർമിച്ച പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡ് 24നു നാടിനു സമർപ്പിക്കും. മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും.

ടി.വി. രാജേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ‌2003ൽ അക്വിസിഷൻ നടപടികൾ പൂർത്തിയാക്കിയെങ്കിലും 2013 ജൂണിലാണ് റോഡിന്‍റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് റോഡ്പ്രവൃത്തി തീർത്തെങ്കിലും പാപ്പിനിശേരി-താവം റെയിൽവേ മേൽപ്പാലങ്ങളുടെയും രാമപുരം പുഴയ്ക്ക് പുതിയപാലത്തിന്‍റെ നിർമാണം മൂലവുമാണ് കാലതാമസം വന്നത്.
കേരളത്തിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന ആദ്യത്തെ കെഎസ്ടിപി റോഡാണിത്. ദേശീയ പാതയെ വെല്ലുന്ന രീതിയിലുള്ള നിർമാണ പ്രവൃത്തികളും സൗകര്യങ്ങളുമാണ് കെഎസ്ടിപി റോഡിനുള്ളത്.
സുരക്ഷാക്രമീകരണങ്ങളും സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അപകടമുള്ള സ്ഥലങ്ങളിൽ വേലിനിർമിച്ചി‌ട്ടുണ്ട്. ആവശ്യമായ സ്ഥലത്തൊക്കെ ബസ് ബേകളും വെയ്റ്റിംഗ് ഷെൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.പിലാത്തറയിൽനിന്നും പാപ്പിനിശേരിയിലേക്ക് അഞ്ചരകിലോമീറ്റർ യാത്രാദൂരം ലാഭിക്കാം.
റോഡിന്‍റെ ഉദ്ഘാടനത്തോടെ നിലവിലെ കെഎസ്ആർടിസി ചെയിൻ സർവീസിനു പുറമെ കണ്ണൂർ-പാഴയങ്ങാടി-കാസർഗോഡ് റൂട്ടിൽ ലോ ഫ്ളോർ എസി ബസും സർവീസ് തുടങ്ങും. നിലവിൽ 11 ബസുകളാണ് ചെയിൻ സർവീസ് നടത്തുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: