വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍

0

കണ്ണൂർ: വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ ഉള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടു കൂടി ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചു അന്വേഷിച്ചത് വീട് വൃത്തി ആക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നത് ആണ്. ഡെറ്റോള്‍ എന്നത് മണം കൊണ്ട് നല്ലത് ആണെങ്കിലും ശക്തം ആയ ഒരു അണുനശീകരണ ഉപാധി അല്ല എന്ന് നാം തിരിച്ചറിയണം. അല്‍പം ദുര്‍ഗന്ധം ഉണ്ടെങ്കിലും, വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടുകളില്‍ തന്നെ എങ്ങിനെ അണുനശീകരണം നടത്താം എന്ന് ചുവടെ വിവരിക്കുന്നു.

*കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി*
1. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 30 മുതല്‍ 40 ശതമാനം വരെ ആണ് ക്ലോറിന്‍റെ അളവ്. 33% ക്ലോറിന്‍ ഉണ്ട് എന്ന നിഗമനത്തില്‍ ആണ് ഇനി പറയുന്ന അളവുകള്‍ നിര്‍ദേശിക്കുന്നത്.
2. കിണറിലെ വെള്ളത്തിന്‍റെ അളവ് ആദ്യം നമ്മള്‍ കണക്കാക്കണം. അതിനു ആദ്യം കിണറിന്‍റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്‍റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)
വെള്ളത്തിന്‍റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍

3. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം.
4. വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര്‍ ഒരു പ്ലാസ്റ്റിക്‌ ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്‍റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക
5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക.
6. 1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.

*വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി*
1. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൌഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അനു വിമുക്തം ആക്കാന്‍ സാധികില്ല.
2. 1% ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്‍റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്നാ കണക്കിന് ലായനി തയ്യാറാക്കാം.
3. നിലം തുടച്ച ശേഷം / വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല.
4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്‍ മണം മാറ്റാം.

*തയ്യാറാക്കിയത്: ഡോ. വി. ജിതേഷ്*
സൂപ്രണ്ട്, ജില്ല ആശുപത്രി, മാനന്തവാടി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading