ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

കണ്ണൂർ: ദൈവകൽപന പ്രകാരം സ്വന്തം മകനെ ബലിയർപ്പിക്കാൻ തയാറായ ഇബ്രാഹിം നബിയുടെ മഹത്തായ ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.

സമാനതകളില്ലാത്ത ത്യാഗത്തിന്റെ സ്മരണകളുണർത്തി വീണ്ടുമൊരു ബലിപെരുന്നാൾ. സർവശക്തന്റെ ആജ്ഞയ്ക്ക് മുമ്പിൽ പുത്രനെ ബലിനൽകാൻ പ്രവാചകൻ ഇബ്രാഹിം തയാറായതിന്‍റെ ഓർമയാണ് ബലിപെരുന്നാളിൽ പുതുക്കുന്നത്. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും ത്യജിക്കുവാൻ മനുഷ്യൻ തയാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്.

മലബാറിലെ ഭൂരിഭാഗം പേർക്കും ഇത്തവണത്തെ പെരുന്നാൾ ദുരിതാശ്വാസ ക്യാപുകളിലാണ്. ശേഷിക്കുന്നവർ ദുരിതാശ്വാസപ്രവർത്തനങ്ങളിലും.

വടക്കന്‍ ജില്ലകളില്‍ പലയിടത്തും പള്ളികളില്‍ വെള്ളം കയറിയതിനാല്‍ പെരുന്നാള്‍ നമസ്കാരത്തിനും മറ്റും പകരം സൗകര്യം ഒരുക്കേണ്ടി വരും. ആഘോഷങ്ങളുടേതല്ല, മറിച്ച് അതിജീവനത്തിന്‍റേതാണ് ഈ പെരുന്നാള്‍. സാധാരണ പുതുവസ്ത്രങ്ങളണിഞ്ഞ് പെരുന്നാളിനെ വരവേല്‍ക്കുന്ന വിശ്വാസികള്‍ ഇത്തവണ പ്രളയ ദുരിതത്തിലായവര്‍ക്ക് വസ്ത്രങ്ങളെത്തിക്കാനുള്ള പരിശ്രമത്തിലാണ്. വിപണന കേന്ദ്രങ്ങളിലും പെരുന്നാളിന്‍റെ തിരക്കില്ല.

ഇത്തവണ ദുരിതാശ്വാസ ക്യാപുകളും ഈദ് ഗാഹുകളാവും. പ്രളയം ബാധിക്കാത്തിടത്തുള്ള പള്ളികളിൽ ഒത്ത്ചേർന്ന് ദുരന്തത്തിന് ഇരയായവർക്ക് വേണ്ടി പ്രാർത്ഥിക്കാനാണ് ഇത്തവണ പെരുന്നാൾ ദിനം. ഒപ്പം പ്രളയദുരിതം നേരിടുന്നവർക്ക് പരമാവധി സഹായമെത്തിക്കാനും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: