പരോൾ നിഷേധിക്കൽ: റിപ്പോർട്ട് പൊലീസ് പുനഃപരിശോധിക്കണമെന്നു ജയിൽ ഡിജിപി

0

കണ്ണൂർ∙ തടവുകാരുടെ പരോൾ നിഷേധിക്കുന്ന പൊലീസ് റിപ്പോർട്ടുകൾ പുനഃപരിശോധിക്കാൻ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടതായി ജയിൽ ഡിജിപി ഋഷിരാജ് സിങ്. കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡിജിപി.പൊലീസ് റിപ്പോർട്ടിൽ പരോൾ നിഷേധിക്കുന്നുവെന്ന പരാതി ഉയരുന്നതിനാലാണു ജില്ലാ പൊലീസ് മേധാവിമാരോടു ഇക്കാര്യം പരിശോധിക്കാൻ ആവശ്യപ്പെട്ടതെന്നു ഡിജിപി പറഞ്ഞു.
ലോക്കൽ പൊലീസ് സ്റ്റേഷനിലെയും പ്രൊബേഷനറി ഓഫിസറുടെയും റിപ്പോർട്ടിൻമേലാണു തടവുകാർക്കു പരോൾ അനുവദിക്കുന്നത്.ചില സംസ്ഥാനങ്ങളിൽ വിനോദസഞ്ചാരികൾക്കായി തുടങ്ങിയിരിക്കുന്ന ഫീൽ എ ജയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശ്യമില്ല. ജയിൽ അന്തേവാസികളെ കാഴ്ചവസ്തുക്കളാക്കാൻ ഉദ്ദേശ്യമില്ലാത്തതാണു കാരണമെന്നും അദ്ദേഹം പറഞ്ഞു.ജയിലുകൾ അന്തേവാസികളെക്കൊണ്ടു നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന 10 ജയിലുകളിൽ പലതിന്റെയും നിർമാണം തുടങ്ങിക്കഴിഞ്ഞു. ജയിലുകളിൽ എൽഇഡി ബൾബ് നിർമാണം വ്യവസായമാക്കും. ഇതിനൊപ്പം ഷൂ നിർമാണവും തുടങ്ങും. റിമാൻഡ് പ്രതികൾക്കും തൊഴിൽ പരിശീലനം നൽകും.
എല്ലാ ജയിലുകളിലും കഫെറ്റീരിയ തുടങ്ങും. തിരുവനന്തപുരം, വിയ്യൂർ, ചീമേനി, കണ്ണൂർ ജയിലുകളിൽ ഇന്ധന വിതരണ പമ്പുകൾ തുടങ്ങാൻ നടപടിയായെന്നും ഋഷിരാജ് സിങ് പറഞ്ഞു. ജയിൽ ഉൽപന്ന വിതരണ കൗണ്ടറിലെ ഷെയർ മീൽ പദ്ധതിയുടെ ഉദ്ഘാടനവും ഡിജിപി നിർവഹിച്ചു. കണ്ണൂർ ജില്ലാ ജയിലിൽ നിർമിക്കുന്ന ചെടിച്ചട്ടി, കിണ്ണത്തപ്പം എന്നിവയും ഡിജിപി പുറത്തിറക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading