ഫ്രീ ഡേറ്റാ മെസേജുകള്‍ വരുന്നുണ്ടോ..? ജിയോ ഉപഭോക്താക്കള്‍ ശ്രദ്ധിച്ചോളൂ.. പറ്റിക്കപ്പെടാന്‍ സാധ്യത

പുതിയ ഓഫറുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ..? എങ്കില്‍ അല്പം ശ്രദ്ധിച്ചോളൂ. നിങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. ജിയോ ഉപഭോക്താക്കളുടെ വര്‍ധിച്ചുവരുന്ന എണ്ണമാണ് ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയക്കുന്നതിന് തട്ടിപ്പുകാരെ പ്രേരിപ്പിക്കുന്നത്.

‘ഈ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യൂ, നിങ്ങള്‍ക്ക് പുതിയ ഓഫറുകള്‍ നേടാം’ എന്നതടക്കമുള്ള സന്ദേശങ്ങളാണ് മൊബൈല്‍ ഫോണുകളിലേക്ക് ലഭിക്കുക. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ലിങ്കുകളും നല്‍കുന്നുണ്ട്. അടുത്തിടെ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സിമാന്റെക് ഇത്തരത്തിലുള്ള 152 ആപ്ലിക്കേഷനുകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു. ജിയോ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി ഡേറ്റാ നല്‍കുമെന്ന് പറഞ്ഞായിരുന്നു ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നത്.

”നല്ല വാര്‍ത്ത, ജിയോ 25 ജിബി ഡേറ്റാ വീതം ആറുമാസത്തേയ്ക്ക് ഫ്രീയായി നല്‍കുന്നു. ഈ ഓഫര്‍ നിങ്ങള്‍ക്കുവേണമെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..” എന്നാണ് മെസേജുകള്‍ ലഭിക്കുന്നത്. റിലയന്‍സ് ജിയോ കമ്പനിയില്‍ നിന്നുള്ള മെസേജ് അല്ലാ ഇതെന്നുള്ളതാണ് യാഥാര്‍ഥ്യം.
മെസേജായി ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മൈ പ്രൈം എന്നുപേരുള്ള ഒരു ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാളാകും. ഇത് യഥാര്‍ഥത്തില്‍ മറഞ്ഞിരിക്കുന്ന ഒരു മാല്‍വെയറാണ് (ഫോണുകളെയും കംപ്യൂട്ടറിനെയും തകരാറിലാക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വേയര്‍). ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാളാകുന്നതോടെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഏതു സമയവും മോഷ്ടിക്കപ്പെടാം.

ഇത്തരത്തിലുള്ള 152 എപികെ (ആന്‍ഡ്രോയിഡ് പാക്കേജ് ഫയല്‍) ഫയലുകള്‍ 21 വ്യത്യസ്ത പേരുകളില്‍ ഇന്റര്‍നെറ്റിലുണ്ട്. ഇവയെല്ലാം തന്നെ 25 ജിബി മുതല്‍ 125 ജിബി വരെ ഡേറ്റ ഫ്രീയായി നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇവയൊന്നും ഫ്രീയായി ഡേറ്റ നല്‍കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

ഒറ്റനോട്ടത്തില്‍ ഈ ആപ്ലിക്കേഷനുകളെ തിരിച്ചറിയാന്‍ സാധിക്കുകയില്ല. മൈ ജിയോ ആപ്ലിക്കേഷന് സമാനമായ ഐക്കണാണ് തട്ടിപ്പുകാരും ഉപയോഗിച്ചിരിക്കുന്നത്. ഇവര്‍ ജിയോ ഫോണ്‍ നമ്പരും ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ തട്ടിപ്പ് മെസേജുകള്‍ ആയക്കുന്നതിനായാണ് ഇത്.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണമെന്ന് റിലയന്‍സ് ജിയോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ഒന്നും കമ്പനി അയക്കുന്നില്ലെന്നും ജിയോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൈ ജിയോ ആപ്ലിക്കേഷനിലോ Jio. com ലോ ലഭിക്കുമെന്നും കമ്പനി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: