വിമാനാപകടം: നാല് മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്

0

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ പൈലറ്റ് ഉൾപ്പെടെ നാല്‌ പേർ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. അപകടത്തില്‍ വിമാനം രണ്ടായി പിളര്‍ന്നു. കൊണ്ടോട്ടിയിലെ രണ്ട് ആശുപത്രികളിലേക്കാണ് പരുക്കേറ്റവരെ മാറ്റിയിരിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും പരുക്കേറ്റവരെ എത്തിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി.

കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്. 184 യാത്രക്കാരും അഞ്ച് ക്രൂവും അടക്കം 191 പേരാണ് ആകെ വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. എത്ര പേര്‍ക്ക് പരുക്കു പറ്റിയെന്നതില്‍ വ്യക്തതയില്ല. മലപ്പുറം കളക്ടര്‍ക്കും കോഴിക്കോട് ജില്ലാ കളക്ടര്‍ക്കുമാണ് മുഖ്യമന്ത്രി ചുമതല നല്‍കിയിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading