മാതൃഭൂമി ടിവി അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ കേസ്

പ്രൈം ടൈം ന്യൂസ് ചര്‍ച്ചയ്ക്കിടെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ വാക്കുകള്‍ ഉപയോഗിച്ചതിന് ടിവി

അവതാരകനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതൃഭൂമി ടിവി വാര്‍ത്താ അവതാരകനായ വേണു ബാലകൃഷ്ണന് എതിരെയാണ് കൊല്ലം സിറ്റി പോലീസ് കേസെടുത്തത്. ജൂണ്‍ 7ന് സംപ്രേക്ഷണം ചെയ്ത ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശങ്ങളാണ് കേസിന് ആധാരം.
വേണുവിനെതിരെ പോലീസിന് ലഭിച്ച രണ്ട് പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.
പോലീസ് അതിക്രമങ്ങളെക്കുറിച്ച്‌ നടത്തിയ ചര്‍ച്ചയ്ക്കിടെ ആലുവയില്‍ മുസ്ലീം യുവാവായ എടാടത്തല്‍ ഉസ്മാന് എതിരായ അക്രമത്തെക്കുറിച്ചും പരാമര്‍ശിച്ചു.
‘മുസ്ലീം സഹോദരങ്ങളെ നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ റമദാന്‍ നോമ്ബ് ആചരിക്കുകയാണ്. എന്നാല്‍ ഈ സമയത്ത് മുഖ്യമന്ത്രി നിങ്ങളെ അപമാനിക്കുകയാണ്. നോമ്ബ് മുറിക്കാന്‍ പോയ ഒരു വ്യക്തിയെ ജയിലില്‍ ഇടുന്നതാണ് അവസ്ഥ’, അവതാരകന്‍ ചര്‍ച്ചയില്‍ പറഞ്ഞു.
ഉസ്മാന്‍ പോലീസിനെയാണ് ആദ്യം അക്രമിച്ചെതന്നും, ഇയാള്‍ക്ക് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതിന് എതിരെയായിരുന്നു വേണുവിന്റെ വാക്കുകള്‍. നിയമോപദേശം തേടിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകന് എതിരെ കേസെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അരുള്‍ ബി കൃഷ്ണ വ്യക്തമാക്കി.
എന്നാല്‍ വേണുവിനെതിരെ കേസെടുത്ത നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. പത്രക്കാരെ ഒതുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്ന വഴിയാണ് പിണറായി വിജയന്റെ നടപടിയാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading