തലശ്ശേരിയിൽ ഇനി ആരും ഭക്ഷണത്തിനു ബുദ്ധിമുട്ടില്ല

തലശ്ശേരി: ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടിക്കുന്നവര്‍ക്ക് ഒരത്താണിയായി തലശ്ശേരി കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ നാടിന് സമര്‍പ്പിച്ച ഫുഡ്ഫ്രീസര്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഒന്നര വര്‍ഷത്തിലധികമായി മുടങ്ങാതെ ഈ സംരംഭം വഴി പാവപ്പെട്ടവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കഴിയുന്നുണ്ട്.

ഗ്രൂപ്പിലെ അംഗങ്ങള്‍ വിശേഷാവസരങ്ങളില്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതും, കല്യാണ വീടുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിന്ന് അധികം വരുന്നതുമായ ഭക്ഷണം ശേഖരിച്ച് ഇതുവഴി നല്‍കിവരുന്നു. നിരവധി പേരാണ് ഈ ഫുഡ്ഫ്രീസറില്‍ നിന്ന്് ഭക്ഷണമെടുത്ത് വിശപ്പ് മാറ്റുന്നത്.

തലശ്ശേരി കൂട്ടം പ്രവര്‍ത്തകര്‍ ഫുഡ് ശേഖരിച്ച് തെരുവോരങ്ങളിലും ഇതോടനുബന്ധിച്ച് വിതരണം നടത്തിവരുന്നുണ്ട്. ഭക്ഷണം വീടുകളില്‍ പോയി ശേഖരിച്ച് അവിടെ വെച്ച് തന്നെ പായ്ക്കറ്റുകളിലായി വിതരണത്തിന് തയ്യാറാക്കുന്നത്. തലശ്ശേരി കൂട്ടത്തിലെ നാട്ടിലുള്ള പ്രവര്‍ത്തകരാണ് ഇതിന് മുന്‍കൈയെടുക്കുന്നത്. പ്രവാസികളായ അംഗങ്ങളും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഈ സംരംഭവുമായി സഹകരിച്ചുവരുന്നു.

2017 ജനുവരി ഒന്നിനാണ് തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീര്‍ ഈ പദ്ധതി നാടിന് സമര്‍പ്പിച്ചത്. ആദ്യം സംഗമം ഓഡിറ്റോറിയത്തിന് മുന്‍വശത്തെ ഒരു ഹോട്ടലിന് സമീപമായിരുന്നു ഫുഡ് ഫ്രീസര്‍ സ്ഥാപിച്ചിരുന്നത്. 2018 മെയ് അഞ്ചിന് ഈ ഫുഡ്ഫ്രീസര്‍ പുതിയ ബസ് സ്റ്റാന്‍ഡിലെ എന്‍.ഇ ബാലറാം സ്മാരക മന്ദിരത്തിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. കേരള കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറായിരുന്നു ഫുഡ് ഫ്രീസറിന്റെ പുനഃസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചത്.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading