പതിനായിരങ്ങളെ അണിനിരത്തി എല്‍.ഡി.എഫിന്‍റെ ബഹുജനറാലി

0

മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ യു.ഡി.എഫും, ബി.ജെ.പിയും നടത്തുന്ന അക്രമണ സമരങ്ങള്‍ തുറന്നുകാട്ടാന്‍ കണ്ണൂര്‍ കലക്ട്രേറ്റ് മൈതാനിയില്‍ നടത്തിയ എല്‍.ഡി.എഫിന്‍റെ ബഹുജനറാലിയില്‍ 25000ത്തോളം പേര്‍ പങ്കെടുത്തു. സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ അധ്യക്ഷതയില്‍ ആരംഭിച്ച സമ്മേളനം മുന്‍ധനമന്ത്രി ഡോ. ടി എം തോമസ്സ് ഐസക് ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് നേതാക്കളായ വി ചാമുണ്ണി, ജോയിസ് പുത്തന്‍പുര, അഡ്വ. പി എം സുരേഷ്ബാബു, പി പി ദിവാകരന്‍, വി കെ കുഞ്ഞിരാമന്‍, ഇ പി ആര്‍ വേശാല, കാസിം ഇരിക്കൂര്‍, അഡ്വ എ ജെ ജോസഫ്, ജോസ് ചെമ്പേരി, ഹംസ പുല്ലാട്ടില്‍, സി വത്സലന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പി സന്തോഷ് കുമാര്‍ എം.പി സ്വാഗതം പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ വാക്കും കേട്ട് തുള്ളുന്ന യു.ഡി.എഫിനെയും, ബി.ജെ.പിയേയും ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. ടി എം തോമസ്സ് ഐസക് ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ കേരളമാണ് എല്ലാ രംഗങ്ങളിലും മാതൃക. ഇടതുപക്ഷം കിഫ്ബിയിലൂടെ 7000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിച്ചത്. അതിന്‍റെ ഫലമായി റോഡുകളും പാലങ്ങളും, സ്കൂള്‍-ആശുപത്രി കെട്ടിടങ്ങളും, വിവിധ പദ്ധതികളും നാട്ടില്‍ നടപ്പായി. ഗുജറാത്തില്‍ ഒരാളുടെ ശരാശരി ദിവസകൂലി 270 രൂപയാണെങ്കില്‍ കേരളത്തിലത് 800 രൂപയാണ്. മലയാളികളെ അഭിമാനബോധമുള്ളവരാക്കി മാറ്റിയത് ഇടതുപക്ഷമാണ്. എല്ലാവര്‍ക്കും ഭൂമിയും, വീടും, വെളിച്ചവും, വെള്ളവും ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചത് ഇടതുപക്ഷമാണ്. യു.ഡി.എഫിന് സ്വപ്നം പോലും കാണാന്‍ കഴിയാത്തവയാണിതൊക്കെ. എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് ഉണ്ടായ വികസന മുന്നേറ്റമാണ് കൂടുതല്‍ സീറ്റും, വോട്ടും നേടി രണ്ടാമതും ഇടതുപക്ഷത്തെ അധികാരത്തിലെത്തിച്ചത്. അതോടെ യു.ഡി.എഫ് വെപ്രാളത്തിലായി. അതാണ് അക്രമ സമരത്തിന് യു.ഡി.എഫിനെ പ്രേരിപ്പിച്ചത്. 2016 ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ ഗ്രാഫ് താഴോട്ടാണ്. അതാണ് രാജ്യത്തെ ഭിന്നിപ്പിക്കാന്‍ നോക്കുന്ന വര്‍ഗ്ഗീയവാദികള്‍ക്ക് കേരളം നല്‍കുന്ന താക്കീത്. ബി.ജെ.പി ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാന്‍ നോക്കുന്നത് ഈ രാഷ്ട്രീയ വിരോധം കൊണ്ടാണ്. ജനകീയ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അക്രമണ സമരം തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയെപ്പോലെ തകര്‍ന്നടിയും. വിമാനത്തില്‍ കയറി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ പോലും മെനക്കെടുന്നവര്‍ എന്തും ചെയ്യും. അവരെ പ്രതിരോധിക്കാന്‍ ജനശക്തിക്കേ കഴിയൂ. അതാണ് ഈ ബഹുജനറാലി. ഇത് കേരളമാകെ ജനസാഗരമായി തീരുമെന്ന് ഐസക് വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading