ബ്ലാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 18 രോഗികള്‍ ചികിത്സയില്‍
കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ജില്ലക്കാര്‍ ഉള്‍പ്പെടെ 18 പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിതരായ വൃക്കരോഗികള്‍ക്ക് നല്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ മരുന്ന് 50 വയല്‍ ഗവ. മെഡിക്കല്‍ കോളജിലെത്തി. മരുന്നില്ലാത്തതിനാല്‍ കേരളത്തിനു പുറത്തുനിന്നും വരെ ആളുകള്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വരുന്നുണ്ട്. ഒരു വയല്‍ മരുന്നിന് 3000 രൂപയോളമാണ് വരുന്നത്. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് നല്കുന്ന ആംഫോടെറിസിന്‍ എന്ന മരുന്നും സ്റ്റോക്കുണ്ട്. ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈകോസിസ്) ബാധിച്ച മൂന്നുപേര്‍ക്കു കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. മൂക്കിനോട് ചേര്‍ന്ന ഭാഗത്തെ പഴുപ്പാണ് ഇ.എന്‍.ടി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ബംഗളൂരുവില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ വ്യക്തിയേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമായ ആളെയും കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.