പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതി – തുരങ്ക നിർമ്മാണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകും

0

ഇരിട്ടി : കെ എസ് ഇ ബിയുടെ പൂർണ്ണ മേൽനോട്ടത്തിൽ പഴശ്ശി പദ്ധതിയിലെ വെള്ളം പ്രയോജനപ്പെടുത്തി 79 .85 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 7 .5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയിൽ നിന്നും പ്രതിവർഷം 25 .16 മില്ല്യൻ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. വർഷത്തിൽ ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസമാണ് ഇത്രയും വൈദ്യുതി ഉത്പാദനം പ്രതീക്ഷിക്കുന്നത്.

മറ്റ് വൈദ്യുത പദ്ധതികൾപോലെ കൂറ്റൻ അണക്കെട്ടോ , നെടുനീളൻ കനാലുകളോ പഴശ്ശി സാഗർ പദ്ധതിക്കില്ല. 1979 ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഉദ്ഘാടനം ചെയ്യപ്പെട്ട പഴശ്ശി ഇറിഗേഷൻ പദ്ധതിയുടെ അണക്കെട്ടിൽ ശേഖരിച്ചു നിർത്തുന്ന വെള്ളമാണ് ഇതിനായി ഉപയോഗിക്കുക. ഇപ്പോൾ മഴക്കാലത്ത് പദ്ധതിയുടെ ഷട്ടർ പൂർണ്ണമായും തുറന്നിട്ട് വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനം പഴശ്ശി സാഗർ പ്രവർത്തികമാകുന്നതോടെ അവസാനിക്കും. മഴക്കാലത്തും ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കാനാണ് തീരുമാനം.

ജല വിഭവ വകുപ്പിന് കീഴിലുള്ള പഴശ്ശി പദ്ധതിയുടെ 3.05 ഹെക്ടര്‍ സ്ഥലമാണ് വൈദ്യുത പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. പ്രാരംഭ ഘട്ടമെന്ന നിലയിൽ അണക്കെട്ടിൽ നിന്നും വൈദ്യത പദ്ധതിയുടെ പവർ ഹൌസിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചു. 2 .5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളാണ് വൈദ്യുതി ഉത്പാദനത്തിനായി ഉപയോഗിക്കുക. പഴശ്ശി ജല സംഭരണിയിൽ നിന്നും 80 മീറ്റർ നീളത്തിൽ തുരങ്കം നിർമ്മിച്ച് അവിടെനിന്നും 3 തുരങ്കം വഴി വെള്ളം പവർ ഹൌസിൽ എത്തിച്ചാണ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുക. പദ്ധതി പ്രദേശത്തെ കൂറ്റൻ കരിങ്കൽ പാറകൾ തുരങ്ക നിർമ്മാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചതിനെത്തുടർന്ന് ജെലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിച്ച് പാറകൾ പൊട്ടിച്ചാണ് തുരങ്കം നിർമ്മിക്കുന്നത്. പഴശ്ശി പ്രൊജക്റ്റ് – കുയിലൂർ വളവ് റോഡിന് കുറുകെയാണ് തുരങ്കം നിർമ്മിക്കേണ്ടത്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനത്തിന്റെ പരിശോധനയുടെ ഇതിനു ഏതാനും വര അകലെയുള്ള പഴശ്ശി അണക്കെട്ടിന് ദോഷം വരാത്ത രീതിയിൽ സ്ഫോടനത്തിന്റെ അളവും ശേഷിയും ക്രമീകരിച്ചാണ് സ്പോടനത്തിലൂടെ തുരങ്കം നിർമ്മിക്കുന്നത്. തുരങ്ക നിർമ്മാണത്തിന് ആറുമാസമെങ്കിലും സമയമെടുക്കും.

രണ്ടുവർഷം മുൻപ് ഉദ്ഘാടനം ചെയ്യപ്പെട്ട ട്രഞ്ച് വിയർ സംവിധാനത്തിലൂടെ നിർമ്മിച്ച കേരളത്തിലെ ആദ്യ വൈദ്യുത പദ്ധതിയായ ബാരാപ്പോൾ മിനി വൈദ്യുത പദ്ധതിയിലൂടെ 15 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുന്നത് . പഴശ്ശി സാഗർ കൂടി പ്രാവർത്തികമാകുന്നതോടെ കണ്ണൂർ ജില്ലയുടെ വൈദ്യുതി ക്ഷാമത്തിന് ഇത് ഏറെ സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബാരാപ്പോൾ പദ്ധതി സ്ഥിതിചെയ്യുന്ന ബാരാപ്പോൾ പുഴ ഒഴുകിയെത്തുന്ന വളപട്ടണം പുഴയുടെ ഭാഗമായ ബാവലിപ്പുഴയിൽ തന്നെയാണ് പഴശ്ശി പദ്ധതിയും സ്ഥിതിചെയ്യുന്നത്. ബാരാപ്പോൾ പദ്ധതിയിലെ ജലം വൈദ്യുത ഉത്പാദനത്തിന് ശേഷം പുഴയിലേക്ക് തന്നെ ഒഴുക്കി വിടുന്നതുപോലെ പഴശ്ശി സാഗർ പദ്ധതിയിലും വൈദ്യുത ഉദ്പാദനത്തിനു ശേഷം വരുന്ന ജലവും പുഴയിലേക്ക് തന്നെ ഒഴുക്കിവിടും. ജില്ലയിലെ കുടിവെള്ള ദായിനിയായ പഴശ്ശി അണക്കെട്ടു വൈദ്യുത പദ്ധതി പ്രാവർത്തികമാകുന്നതോടെ ജില്ലയിലെ വൈദ്യുതി ദായിനികൂടിയായി മാറും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading