അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം: ആദ്യഘട്ട പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാക്കും-മന്ത്രി വീണാ ജോർജ്

നിർമാണ പ്രദേശം ആരോഗ്യമന്ത്രി സന്ദർശിച്ചു

കല്യാട് ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണ പ്രവൃത്തി 2023 മാർച്ചോടെ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ

 ജോർജ്. ഗവേഷണകേന്ദ്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനെത്തിയ ശേഷം ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

100 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ആശുപത്രി ബ്ലോക്ക്, വൈദ്യശാസ്ത്ര അറിവുകളുമായി ബന്ധപ്പെട്ട താളിയോലകളും കൈയെഴുത്തു പ്രതികളും സംരക്ഷിക്കുകയും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുള്ള മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റർ, ഔഷധ സസ്യതോട്ടം എന്നിവയാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്. ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട സ്പെഷൽ ഓഫീസ് ഒക്ടോബറോടെ ജില്ലാ ആയുർവേദ ഓഫീസിൽ ആരംഭിക്കും. നിർമ്മാണ പ്രവൃത്തിക്കായി 34 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ 114 കോടി അനുവദിച്ചിരുന്നു. സെപ്റ്റംബറോടെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശം നൽകി. 

36.5 ഏക്കറിൽ കിഫ്ബി അനുവദിച്ച 69 കോടി രൂപ ഉപയോഗിച്ചാണ് ഒന്നാംഘട്ട പ്രവൃത്തി നടത്തുക. മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്ററിന്റെ നിർമ്മാണ പ്രവൃത്തി ഡിസംബർ മാസത്തോടെ പൂർത്തിയാകും. പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിൽ ഡിജിറ്റൈസ് ചെയ്താണ് താളിയോല ഗ്രന്ഥങ്ങൾ ഇവിടെസൂക്ഷിക്കുക. 

311 ഏക്കറിൽ 300 കോടി രൂപ ചെലവിലാണ് കേന്ദ്രം ഒരുങ്ങുന്നത്. ആയുർവേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനും ബയോടെക്‌നോളജിയും ആയുർവേദവും ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങൾക്കും വേണ്ടിയാണ് ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.

കെ കെ ശൈലജ എംഎൽഎ, ഇരിക്കൂർ ബ്ലോക്ക് പ്രസിഡണ്ട് റോബേർട്ട് ജോർജ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി ഷംസുദ്ദീൻ, വൈസ് പ്രസിഡന്റ് ആർ മിനി, ഡെപ്യൂട്ടി കലക്ടർ (എൽഎ) രഞ്ജിത്ത്, ദേശീയ ആയുഷ്മിഷൻ ഡി പി എം ഡോ. കെ സി അജിത്കുമാർ, ആയുഷ് ഡെപ്യട്ടി സെക്രട്ടറി എസ്ഹരികുമാർ, ആയുർവേദ മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഹരികൃഷ്ണൻ തിരുമങ്കലത്ത്, സ്പെഷൽ ഓഫീസർ ഡോ. രാജ്മോഹൻ, കിറ്റ്കോ പ്രതിനിധികൾ, നിർമ്മാണ ചുമതലയുള്ള ശിൽപ കൺസ്ട്രക്ഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: