കാത്ത്‌ലാബ് ഉദ്ഘാടനം ചെയ്തു; ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് സെപ്റ്റംബർ ആദ്യവാരം തുറക്കും: ആരോഗ്യമന്ത്രി 

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിർമ്മാണം പുരോഗമിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം സെപ്റ്റംബർ ആദ്യത്തോടെ തുടങ്ങാനാവുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. കണ്ണൂർ ജില്ലാ ആശുപതിയിൽ ഹൃദ്രോഗ ചികിത്സക്കായി പുതുതായി നിർമ്മിച്ച കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

താലൂക്ക്, ജനറൽ, ജില്ലാ ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി സർവീസുകളും മെഡിക്കൽ കോളേജിൽ സൂപ്പർ  സെപെഷ്യാലിറ്റി സേവനങ്ങളും  ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കെ കെ ശൈലജ ടീച്ചർ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് പ്രഖ്യാപിച്ചത്. മൂന്ന് മാസം മുമ്പ് ഇതിന്റെ നിർമ്മാണം പൂർത്തിയായി. ഉദ്ഘാടനം വൈകിയതിനാൽ, പ്രത്യേക നിർദേശ പ്രകാരം പ്രൈമറി ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെ 92 പേർക്ക് ചികിത്സ ലഭ്യമാക്കി. ഡോക്ടർമാർക്ക് ഇതിനായി പ്രത്യേകം പരിശീലനം നൽകി. ആർദ്രം മിഷന്റെ ഭാഗമായി താലൂക്ക് തലം മുതലുള്ള ആശുപത്രികളിൽ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.  

കാത്ത് ലാബ്  അഥവാ കത്തീറ്ററസേഷൻ ലബോറട്ടറി ഹൃദയ ചികിത്സയ്ക്കുള്ള പരിശോധനാമുറിയാണ്. ഹൃദയധമനികളേയും സിരകളുടെയും അറകളേയും ചിത്രങ്ങൾ എടുക്കാനുള്ള ഉപകരണങ്ങളും അസ്വാഭാവികത ഉണ്ടെങ്കിൽ അവ ചികിത്സിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. കിഫ്ബിയുടെ എട്ട് കോടിയുടെ സാമ്പത്തിക സഹായത്തിലാണ് കാത്ത് ലാബ് സജീകരിച്ചത്. 

കഴിഞ്ഞ രണ്ട് വർഷങ്ങളായി സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ നെഫ്രോളജി, കാർഡിയോളജി എന്നിവയും ഇവിടെ പ്രവർത്തിച്ചുവരുന്നുണ്ട്. നിലവിൽ കാർഡിയോളജി ഒ പിയും ഹൃദയ ചികിത്സാ രംഗത്തെ നൂതന പരിശോധനകളായ എക്കോ ടെസ്റ്റ്, ട്രഡ് മിൽ ടെസ്റ്റ് എന്നിവയും ഉണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10,64,032 രൂപ ചിലവിലാണ് കാത്ത് ലാബിലേക്കുളള വൈദ്യുതീകരണം പൂർത്തിയായത്. കണ്ണൂർ ആരോഗ്യ സുരക്ഷാ പദ്ധതി ഫണ്ടിൽനിന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഒരു കോടി രൂപയും ചിലവഴിച്ചു. 

രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പി പി പ്രീത, ഡിഎംഒ ഡോ. നാരായണ നായ്ക്, ഡിപിഎംഎസ്‌യു ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ കുമാർ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവൻ എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: