കണ്ണൂര്‍ പുഷ്പോത്സവത്തിന് : പൂക്കൾ മനുഷ്യനെ ചിരിക്കാൻ പഠിപ്പിക്കുന്നു: കൈതപ്രം

0

പൂക്കൾ മനുഷ്യനെ ചിരിക്കാൻ പഠിപ്പിക്കുകയാണെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പോലീസ് മൈതാനിയിൽ നടക്കുന്ന ‘കണ്ണൂര്‍ പുഷ്പോത്സവം-23’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പല പൂച്ചെടികളും വളരുന്നത് ചെളിയിലും വെള്ളത്തിലുമാണ്. എന്നാൽ അവ നമുക്ക് സമ്മാനിക്കുന്നത് സുഗന്ധവും അതി സുന്ദരമായ കാഴ്ചയുമാണ്. മനുഷ്യനെ ചിരിക്കാൻ പഠിപ്പിക്കുന്ന പൂക്കൾ കാറ്റിൽ ഇളകി ആടുമ്പോൾ അത് നൃത്ത ചുവടുകളാകുന്നു. അതേകുന്ന ആനന്ദവും ഊർജവും ചെറുതല്ല. വിദ്യയും സമ്പത്തും കൂടുമ്പോൾ മനുഷ്യന്റെ വിനയവും കൂടണമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി ആറ് വരെയാണ് പുഷ്പോത്സവം. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും നഴ്സറികളുടെ വൈവിധ്യമാര്‍ന്ന സ്റ്റാളുകളാണ് മേളയിലുള്ളത്. ചെടികള്‍, ഫലവൃക്ഷത്തൈകള്‍, മറ്റു നടീല്‍ വസ്തുക്കള്‍, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ലഭിക്കും. വിവിധയിനം തൈകള്‍, ജൈവവളം, ജൈവ കീടനാശിനികള്‍, പൂച്ചട്ടികള്‍, മണ്‍പാത്രങ്ങള്‍, ഉപഭോക്തൃ ഉല്‍പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും സജീവമാണ്. ആറളം ഫാം, കരിമ്പം ഫാം, കൃഷിവകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ബിഎസ്എന്‍എല്‍, അനര്‍ട്ട്, കേരള ക്ലേസ് ആന്‍ഡ് സെറാമിക്സ് പ്രൊഡക്ട് ലിമിറ്റഡ്, റെയിഡ്കോ എന്നിവയുടെ പവലിയനുകളും ഫുഡ് കോര്‍ട്ടും മേളയിലുണ്ട്. കേരളം, പൂനെ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിച്ച ചെടികളും പുല്‍ത്തകിടികളും ഉപയോഗിച്ച് പതിനായിരത്തിലേറെ ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തയ്യാറാക്കിയ ഉദ്യാനം പുഷ്പോത്സവ നഗരിയിലെ മുഖ്യ ആകര്‍ഷണമാണ്. ജലധാര, മുള കൊണ്ടുള്ള പാലം, ആദിവാസി കലാകാരന്മാര്‍ നിര്‍മിച്ച ആദിവാസി കുടില്‍, ഫോട്ടോ ബൂത്ത്, ബോണ്‍സായി ശേഖരം തുടങ്ങിയവയും ഇവിടെ കാഴ്ചക്കാരെ കാത്തിരിക്കുന്നു. വിവിധ ദിവസങ്ങളിലായി പുഷ്പാലങ്കാരം, വെജിറ്റബിള്‍ കാര്‍വിങ്, പാചകം, സലാഡ് അറേഞ്ച്മെന്റ്, മൈലാഞ്ചി ഇടല്‍, കൊട്ട-ഓല മെടയല്‍, പുഷ്പരാജ റാണി, പുഞ്ചിരി, കാര്‍ഷിക ഫോട്ടോഗ്രാഫി, മൊബൈല്‍ ഫോട്ടോഗ്രാഫി, കാരിക്കേച്ചര്‍ തുടങ്ങിയ മത്സരങ്ങള്‍ നടക്കും.
ചടങ്ങില്‍ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി വി ഷൈലജ അധ്യക്ഷത വഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍ മുഖ്യാതിഥിയായി.
സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി പി കിരണ്‍, വൈസ് ചെയര്‍മാന്‍ ഡോ. കെ സി വത്സല, ഗായകൻ അതുൽ നറുകര എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് അതുല്‍ നറുകരയും സംഘവും അവതരിപ്പിച്ച ഗാനമേള അരങ്ങേറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading