വാം മിഷൻ: ആറുമാസത്തിനുള്ളിൽ 1100 മൂല്യവർധിത ഉൽപ്പന്നങ്ങൾ-മന്ത്രി പി പ്രസാദ്

0


വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷന്റെ (വാം) ഭാഗമായി ‘ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം’ എന്ന നിലയിൽ 1100 മൂല്യവർധിത ഉൽപ്പന്നങ്ങൾ ആറുമാസത്തിനുള്ളിൽ ഉത്പാദിപ്പിച്ച് തുടങ്ങുമെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ കൃഷിദർശൻ പരിപാടിയിൽ കൃഷി ഉദ്യോഗസ്ഥരുടെയും പ്രാഥമിക അഗ്രികൾച്ചർ സഹകരണ സൊസൈറ്റി മേധാവികളുടെയും യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.2106 കോടി രൂപ ലോക ബാങ്ക് സഹായത്തോടെയാണ് വാം മിഷന് സംസ്ഥാന സർക്കാർ രൂപം നൽകിയത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, തദ്ദേശസ്വയംഭരണം തുടങ്ങി 11 വകുപ്പുകളുടെ ഏകോപനത്തോടെ മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണ യൂനിറ്റുകൾ രൂപീകരിക്കും. ഇവയുടെ സംഭരണം, സംസ്‌കരണം, വിപണനം എന്നിവ സമയബന്ധിതമായി നടപ്പിലാക്കാൻ വാം മിഷനും സ്വകാര്യ പൊതുമേഖല കർഷക പങ്കാളിത്തത്തോടെ കേരള അഗ്രോ ബിസിനസ് എന്ന പുതിയ സംവിധാനവും നിലവിൽ വരും. ഇതുവഴി കർഷകന്റെ  ഉൽപ്പന്നങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണികളിലേക്ക് എത്തിക്കാൻ സാധിക്കും. ഇത് കൃഷിയിടത്തിൽ തന്നെ കൃഷിക്കാരന് വരുമാനം ഉറപ്പു നൽകുന്ന ഒരു പദ്ധതിയായി രൂപം കൊള്ളുമെന്നും മന്ത്രി പറഞ്ഞു.വന്യമൃഗ ശല്യം തടയാൻ മാർഗങ്ങൾ കണ്ടെത്തണമെന്ന് പ്രാഥമിക കാർഷിക സഹകരണ സംഘം ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷരും ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി സാബിർ ഹുസൈൻ വിഷയാവതരണം നടത്തി.മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ്ബാബു, അംഗങ്ങളായ കോങ്കി രവീന്ദ്രൻ, ചന്ദ്രൻ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി, കൃഷിവകുപ്പ് ഡയറക്ടർ ജോർജ് അലക്സാണ്ടർ, വിലനിർണയ കമ്മീഷൻ ചെയർമാൻ രാജശേഖരൻ, കൃഷി അഡീഷണൽ ഡയരക്ടർ എസ് ആർ രാജേശ്വരി എന്നിവർ സംസാരിച്ചു.കൃഷിദർശന്റെ ഭാഗമായി തലശ്ശേരി കാർഷിക ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തുകളിലായി കൃഷി ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞൻ, മറ്റു അനുബന്ധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ നടത്തിയ കൃഷിയിട സന്ദർശനത്തിന്റെ റിപ്പോർട്ട് മന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading