ഭിന്നശേഷിക്കാർക്ക് കരുതലുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും പരിചരണത്തിനും പരിശീലനത്തിനുമായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ ഒരുക്കാനുള്ള തയ്യാറെടുപ്പുമായി ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ പരശൂരിൽ സെന്ററിനായുള്ള കെട്ടിടമൊരുങ്ങി. മട്ടന്നൂർ എം എൽ എയുടെ 2018-19 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ആവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളുമാണ് ഇനി സജ്ജീകരിക്കേണ്ടത്. ഇതിനായി പഞ്ചായത്തിന്റെ 2022-23 ബജറ്റിൽ അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. വേഗത്തിൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി ബാലൻ പറഞ്ഞു.ഒരു നില കെട്ടിടത്തിൽ വിശാലമായ ഹാൾ, പരിശീലന മുറി, അടുക്കള, സ്റ്റോർ റൂം, ശുചിമുറി ബ്ലോക്ക് തുടങ്ങിയവയാണ് ഉള്ളത്. എന്തൊക്കെ പരിശീലനങ്ങളും അതിനാവശ്യമായ സൗകര്യങ്ങളുമാണ് ഇവിടെ സജ്ജീകരിക്കേണ്ടത് എന്ന ആലോചനയിലാണ് പഞ്ചായത്ത്. 45 ഭിന്നശേഷിക്കാരാണ് പഞ്ചായത്തിലുള്ളത്. മട്ടന്നൂർ, എരഞ്ഞോളി എന്നിവിടങ്ങളിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളെയാണ് ഇവരിൽ പലരും ആശ്രയിക്കുന്നത്. പഞ്ചായത്തിൽ തന്നെ സെന്റർ ഒരുക്കുന്നത് ഇവർക്ക് ആശ്വാസമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: