പുല്‍വാമ ഭീകരാക്രമണം; മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ റഷീദ് ഖാസിയെന്ന് വ്യക്തമായി

കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ റഷീദ് ഖാസിയാണെന്ന് വ്യക്തമായി. പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാന്‍ഡറാണ് അബ്ദുള്‍ റഷീദ്. പുല്‍വാമയിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഇയാള്‍ക്കായി തെക്കന്‍ കശ്മീരില്‍ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താനായില്ല.
ജയ്ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലകനായ അബ്ദുല്‍ റഷീദ് 2018 ഡിസംബറിലാണ് ഇന്ത്യയിലെത്തിയത്. പുല്‍വാമ ആക്രമണത്തിനായി ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറാണ് ഇയാളെ നിയോഗിച്ചത്. എഇഡി പോലുള്ള അത്യുഗ്ര സ്ഫോടക വസ്തുക്കളുണ്ടാക്കുന്നതില്‍ വിദഗ്ധനായ ഇയാള്‍ കശ്മീരിലെ പ്രാദേശിക യുവാക്കളെ പരിശീലിപ്പിച്ച്‌ തീവ്രവാദ ദൗത്യങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു.

പുല്‍വാമയില്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദിന് ഇയാള്‍ ഒരു വര്‍ഷത്തോളമാണ് രഹസ്യമായി പരിശീലനം നല്‍കിയത്. കാറ്റഗറി സിയില്‍ പെട്ട തീവ്രവാദിയായിരുന്നു ഇയാള്‍. പാര്‍ലമെന്റ് ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാര്‍ഷികദിനമായ ഫെബ്രുവരി ഒന്‍പതിന് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇന്റലിജന്‍സ് മുന്‍ മാസങ്ങളില്‍ പിടിച്ചെടുത്ത സംഭാഷണങ്ങളിലൊന്നില്‍ അക്രമണത്തിനുള്ള സൂചനയും ഉണ്ടായിരുന്നു.
ഇന്ത്യയെ കരയിക്കാന്‍ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു ഒരു ശബ്ദസന്ദേശം. ഇതിനു പിന്നാലെയാണ് ഘാസിയെ ജയ്ഷെ തലവന്‍ മൗലാന മസൂദ് അസ്ഹര്‍ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന. ജയ്ഷെയിലെ അഫ്സല്‍ ഗുരു സ്‌ക്വാഡിന്റെ പങ്കാളിത്തത്തെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: